കേരളത്തിനു വേണ്ടി ഒരുമിച്ചു നിൽക്കും: പിണറായിയുടെ വീട്ടിൽ സതീശൻ എത്തി | Video
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേക്കറി ജംങ്ഷനിലെ പിണറായിയുടെ വാടക വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. പിണറായി വിജയൻ, ഭാര്യ, മകൾ വീണ തുടങ്ങിയവർ വീടിനു പുറത്തെത്തിയാണ് സതീശനെ സ്വീകരിച്ചത്.
ചിരിയോടെ ഹസ്തദാനം നൽകിയാണ് പിണറായി സതീശനെ വീടിനുള്ളിലേക്ക് ക്ഷണിച്ചത്. സതീശനെ ചായ നൽകി സത്കരിക്കുകയും ചെയ്തു. പിണറായിയുടെ കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തിയ സതീശൻ പിന്നീട് അദ്ദേഹത്തിനൊപ്പം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകി.
10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇനി പ്രതിപക്ഷ നേതാവും ആയിരിക്കും. ഈ സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾക്കു വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും സതീശൻ പറഞ്ഞു.
