ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണോ അവരുടെ പേര് ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി. അവരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനില്ലെന്നും വി.ഡി. സതീശൻ
ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

കേരള സർക്കാർ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ.

File photo

Updated on

തിരുവനന്തപുരം: ഹെലികോപ്റ്റർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്‌മെന്‍റ് ഗ്രൂപ്പിനെ കാണാനായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട ശേഷം കൊച്ചിയിലെത്തിയ ഈ സംഘത്തിന് ഞായറാഴ്ച ഡൽഹിയിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ തമിഴ്‌നാട് ശ്രമിക്കുന്നതിനിടയിൽ താൻ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്ററിൽ പോയത്.

വന്ദേ ഭാരതിന് പോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സമയക്കുറവ് മൂലമാണ് പ്ലാൻ മാറ്റിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇൻവസ്റ്റ്മെന്‍റ് ഗ്രൂപ്പിന്‍റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണോ എന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ അത് അറിയിക്കാമെന്നും ഇപ്പോൾ അവരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. ഈ 25 മണിക്കൂർ ഉപയോഗിച്ചില്ലെങ്കിലും സർക്കാർ 80 ലക്ഷം രൂപ നൽകേണ്ടതുണ്ട്. ഈ സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകൾ മാത്രമാണ് ഇത് ഉപയോഗിച്ചത്. അതിനാൽ സാമ്പത്തിക നഷ്ടത്തിന്‍റെ ചോദ്യമേ ഉദിക്കുന്നില്ല.

തന്‍റെ യാത്രയെ വിമർശിക്കുന്നവർ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻകാല യാത്രകൾ പരിശോധിക്കണം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്, അതിന്‍റെ പണം ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നൽകിയത്. താൻ ഒരു പാർട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനം ഉപയോഗിച്ചിട്ടില്ല, സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് പോയത്.

logo
Metro Vaartha
www.metrovaartha.com