
റാപ്പർ വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്‌റ്ററുടെ പരാതിയിൽ പ്രതികരണവുമായി പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരാതിയാണിതെന്നും, നിയമപരമായി നേരിടുമെന്നുമായിരുന്നു വേടന്‍റെ പ്രതികരണം. മുൻകൂർ ജാമ്യം തേടി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ അറിയിച്ചു.
തന്നെ മനഃപൂർവം വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിനു തെളിവുകളുണ്ടെന്നും, അത് പുറത്തുവിടുമെന്നും, നിരപരാധിത്വം തെളിയിക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് വേടനെതിരേ യുവഡോക്‌റ്റർ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
2021-23 കാലഘട്ടങ്ങളിലായി തൃക്കാക്കരയിലെത്തിച്ച് 5 തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു.
തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട്, യുപിഐ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം.