സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും; ആരോഗ്യമന്ത്രി

കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടെയും 600 വനിതാ യോഗ ക്ലബ്ബുകളുടെയും പ്രവർത്തന റിപ്പോർട്ട് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ മന്ത്രിക്ക് സമർപ്പിച്ചു
veena george says 10000 yoga clubs started in this year
ആരോഗ്യ മന്ത്രി വീണാ ജോർജ് ആന്താരാഷ്ട്ര യോഗാ ദിനത്തിൽ പങ്കെടുക്കുന്നു

തിരുവനന്തപുരം: യോഗ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബുകളിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും. ഇതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടെയും 600 വനിതാ യോഗ ക്ലബ്ബുകളുടെയും പ്രവർത്തന റിപ്പോർട്ട് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ മന്ത്രിക്ക് സമർപ്പിച്ചു. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്റ്റർ കെ. ജീവൻ ബാബു, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്റ്റർ ഡോ. ഡി. സജിത് ബാബു, ഐഎസ്എം ഡയറക്റ്റർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടർ ഇൻചാർജ് ഡോ. ബീന, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പിസിഒ ഡോ. ടി.കെ. വിജയൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്റ്റർ ഡോ. നന്ദകുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ, ഡോ. സജി എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെ മാസ് യോഗാ പ്രദർശനവും അരങ്ങേറി. യോഗ പരിശീലക ഡോ. കാവ്യയും സംഘവും യോഗ അഭ്യാസപ്രകടനത്തിന് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.