മേൽവിലാസം പ്രശ്നമല്ല; ഏത് ആർടി ഓഫിസിലും വാഹനം രജിസ്റ്റർ ചെയ്യാം

ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർടിഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Vehicles can be registered in any rto office in State
മേൽവിലാസം പ്രശ്നമല്ല; ഏത് ആർടി ഓഫിസിലും വാഹനം രജിസ്റ്റർ ചെയ്യാം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വാഹനങ്ങള്‍ ഏത് ആർടി ഓഫിസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർഗോഡ് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫിസിൽ വാഹനം രജിസ്റ്റർ ചെയ്യാനാകും. നേരത്തെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ. ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർടിഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണറുടെ നിർദേശം.

സ്ഥിരം മേല്‍വിലാസം ഇല്ലാത്ത ജില്ലയിലും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തേയും സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുവച്ചിരുന്നു.

ജോലിക്കായി എത്തിയവരാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമായിരുന്നു രജിസ്‌ട്രേഷന് അനുമതി. ഇത് മാറുന്നതോടെ ടാക്‌സ് മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസിനായിരിക്കും ഉത്തരവാദിത്തം. അതേസമയം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിലെ രജിസ്ട്രേഷൻ കോഡുകളായ കെഎല്‍ 1, കെഎല്‍ 7, കെഎല്‍ 11 ഉള്‍പ്പെടെയുള്ള നമ്പറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാകുമെന്നതും മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ച് വെല്ലുവിളിയായേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com