

വെള്ളാപ്പള്ളി നടേശൻ, പിണറായി വിജയൻ
തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ഒരു ശുദ്ധനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല എന്നതാണ് പ്രശ്നം. പിണറായി പല കാര്യങ്ങളും അറിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ല. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു എന്നാണ് അർത്ഥമെന്നും വെള്ളാപ്പള്ളി കട്ടിച്ചേർത്തു.
ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗായിരിക്കും ഭരിക്കുക. മാറാട് ആവർത്തിക്കും. ലീഗിന്‍റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തിൽ വന്നാൽ എന്താവും അവസ്ഥ? കെ.സി. വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പോരായ്മകളുണ്ടായി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പത്ത് വർഷം ഭരണത്തിൽ ഇരുന്നപ്പോൾ ഉറങ്ങിപ്പോയി. താഴെ തട്ടിൽ ഉള്ളവരായ എൽഡിഎഫ് അണികൾ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് വിചാരിച്ചപോലെ കിട്ടിയിട്ടില്ല. ബിജെപി നല്ല പ്രകടനം കാഴ്ച വെച്ചുവെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.