

വെള്ളാപ്പള്ളി നടേശൻ
file photo
ആലപ്പുഴ: യുഡിഎഫിൽ ആരു മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസിന്‍റെ ഹൈക്കമാൻഡ് ആണെന്നും അതിൽ തനിക്കൊരു കാര്യവുമില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നുപേർ മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കുന്നുണ്ട്. പൂച്ചയ്ക്ക് പൊന്നൊരുക്കുന്ന ഇടത്ത് കാര്യമില്ല. എന്നാലും, ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷം- അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മുസ്‌ലിം ലീഗ് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ കളിക്കാൻ വി.ഡി. സതീശൻ തയാറാണ്. സതീശൻ എസ്എൻഡിപി യോഗത്തെ ഒരു ചുക്കും ചെയ്യില്ല. പാർട്ടിയിലെ അഭിപ്രായ സർവെകൾക്കും ഘടകകക്ഷികളുടെ നിലപാടുകൾക്കും ശേഷം ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കും. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും മൂന്നു നേതാക്കളും ഒരുപോലെ യോഗ്യരാണ്.
എങ്കിലും, ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ മുഖ്യമന്ത്രി പദം തന്‍റെ ജില്ലയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണ്. അത് ജില്ലയ്ക്കും കേരളത്തിനും ഒരുപോലെ ഗുണകരമാകും- അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടൻ മുസ്‌ലിം ലീഗിനെതിരേ അഭിപ്രായം പറഞ്ഞപ്പോൾ കരി ഓയിൽ പ്രയോഗം നടത്തി. കുഴൽനാടനോട് ലീഗ് എന്താണ് ചെയ്യുന്നത്? പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു. ലീഗ് പറയുന്നതിന് ഒത്തു പറയുന്നവരെയാണ് അവർക്കു വേണ്ടത്. ലീഗ് കാണിക്കുന്ന ഈ വിവേചനത്തെക്കുറിച്ചാണ് താൻ പറഞ്ഞത്. സത്യം പറയാൻ നിവൃത്തിയില്ല. ലീഗ് തന്നെ വേട്ടയാടുന്നു.
എൽഡിഎഫിന്‍റെ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയുടെ പ്രസ്താവനകളാണെന്ന സിപിഐയുടെ ആരോപണങ്ങളെ അദ്ദേഹം തള്ളി. സിപിഐയുടെ തന്നെ നേതൃത്വത്തിന്‍റെ പരാജയവും നയങ്ങളിലെ പാളിച്ചകളുമാണ് അവർക്ക് തിരിച്ചടിയായത്. ഭരണത്തിൽ ഇരുന്നുകൊണ്ടുതന്നെ സർക്കാരിന്‍റെ ഇമേജ് തകർക്കാൻ ശ്രമിച്ചവരാണ് സിപിഐ. അവർക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമില്ല. മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും കൂടെ നിന്ന് ചവിട്ടുന്ന രീതിയുമാണ് ഭരണത്തുടർച്ച നഷ്ടപ്പെടാൻ കാരണമായത്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ തെറ്റൊന്നുമില്ല. ചെത്തുകാരന്‍റെ മകനാണെന്ന് അന്തസായി പറഞ്ഞവനാണ് പിണറായി. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് തുടർഭരണം ഇല്ലാതാക്കിയത്. ആ ഓഫിസിലുള്ളവർ കൂട്ടിലിട്ട തത്തയെപ്പോലെ അദ്ദേഹത്തെ ഇരുത്തി. അതാണ് പരാജയത്തിന് കാരണമായത്.
കായംകുളത്ത് പരാജയപ്പെട്ട സിപിഎം സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേയും വെള്ളാപ്പള്ളി വിമർശനം തുടർന്നു. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നു. ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അധികാരത്തിന്‍റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാം. അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകി- അദ്ദേഹം വിമർശിച്ചു.