ADGP Ajith Kumar
എഡിജിപി അജിത് കുമാർ

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

ഒന്നരയാഴ്ച മുൻപാണ് ഡിജിപി സർക്കാരിന് ശുപാർശ നൽകിയത്.
Published on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാന പൊലീസ് മേധാവി നൽകിയ ശുപാർശയിലാണ് നടപടി. ഒന്നരയാഴ്ച മുൻപാണ് ഡിജിപി സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ നടപടി വൈകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം , കെട്ടിട നിർമാണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണ സംഘത്തെ വെള്ളിയാഴ്ച രൂപീകരിക്കും.

മലപ്പുറം എസ്പി ക്യാംപ് ഓഫിസില്‍നിന്നു മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ മുന്‍ എസ്പി സുജിത് ദാസിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂനിറ്റാണ് അന്വേഷിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. എസ്പിയുടെ ക്യാംപ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണു പരാതി.

എസ്പി ഓഫിസിലെ മരംമുറി അന്വേഷിക്കണമെന്നതായിരുന്നു നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഈ മാസം രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടു നല്‍കിയ പരാതിയിലെ ആദ്യ ആവശ്യം. മലപ്പുറം എസ്പി ക്യാംപ് ഹൗസിലെ മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി നിശ്ചയിച്ചതിനേക്കാള്‍ 150 ശതമാനം വിലകുറച്ച് വിറ്റുവെന്നും ഈ മരങ്ങളിലെ തേക്കുമരത്തിന്‍റെ പ്രധാന ഭാഗം എഡിജിപി എം.ആര്‍. അജിത് കുമാര്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലെ ഒരു ഫര്‍ണിച്ചര്‍ വ്യാപാരിക്ക് നല്‍കി ഡൈനിങ് ടേബിളും കസേരകളും ഉണ്ടാക്കി കടത്തിക്കൊണ്ടുപോയെന്നും മഹാഗണി മരത്തിന്‍റെ പ്രധാന ഭാഗം ഉപയോഗിച്ച് സോഫ സെറ്റ് നിര്‍മിച്ച് അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് സ്വന്തം ആവശ്യത്തിന് വീട്ടിലേക്ക് കൊണ്ടുപോയി എന്നുമാണ് പി.വി അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാര്യങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ സുജിത് ദാസ് തെളിവു നശിപ്പിക്കാന്‍ അത് കത്തിച്ചുകളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

നേരത്തേ എസ്പി ക്യാംപ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പി.വി. അന്‍വറിനോട് സുജിത് ദാസ് ഫോണില്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെ കുറിച്ചും മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസ് സേനയ്ക്ക് അപമാനമായെന്നു വിലയിരുത്തിയായിരുന്നു സസ്പെന്‍ഷന്‍.

logo
Metro Vaartha
www.metrovaartha.com