ജ്ഞാനേഷ് കുമാറിനെതിരായ വിജിലൻ‌സ് അന്വേഷണം നടക്കുന്നുണ്ട്, റിപ്പോർട്ട് ലഭിച്ചിട്ടില്ല; വ‍്യക്തമാക്കി മന്ത്രി പി.കെ. ബഷീർ

ബിജെപി എംഎൽഎമാരായ ബി.ബി. ഗോപകുമാർ, വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ ചോദ‍്യങ്ങൾക്ക് നിയമസഭ‍യിൽ മറുപടി പറയുകയായിരുന്നു മന്ത്രി
Vigilance probe against CEC Gyanesh Kumar in connection with 2006 road project ongoing: minister

ജ്ഞാനേഷ് കുമാർ

File

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് ജ്ഞാനേഷ് കുമാർ നടപ്പിലാക്കിയ ഒരു റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പി.കെ. ബഷീർ.

എന്നാൽ ഇതിന്‍റെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ബിജെപി എംഎൽഎമാരായ ബി.ബി. ഗോപകുമാർ, വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ ചോദ‍്യങ്ങൾക്ക് നിയമസഭ‍യിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

2006ൽ വിജിലൻസ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അപാകത കണ്ടെത്തിയതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി വ‍്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ‍്യോഗസ്ഥർ നടത്തിയ ക്രമക്കേടുകൾ മൂലം സർക്കാരിന് 700 കോടി രൂപയോളം നഷ്ടമുണ്ടായതായും അദ്ദേഹം സഭയിൽ പറഞ്ഞു.

അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എംസി റോഡ് പുനർനിർമിക്കുന്നതിനായി ലോക ബാങ്കിന്‍റെ സഹായത്തോടെ 215 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ടിപി(കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ്) നടപ്പിലാക്കിയത്. മലേഷ‍്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായ ഭഗീരഥ എൻ‌ഞ്ചിനീയറിങ്ങും ചേർന്നുള്ള സംയുക്ത കൺസോർഷ‍്യത്തിനാണ് കരാർ ലഭിച്ചത്. ഇത് പിന്നീട് പതി- ബെൽ എന്ന പേരിൽ അറിയപ്പെട്ടു.

മലേഷ‍്യൻ കമ്പനിയാണ് ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിർമാണത്തിനിടെ കമ്പനിയിലെ പ്രോജക്റ്റ് എൻജിനീയറായ ലീ സീ ബീൻ ധാരാളം പരാതികൾ ഉന്നയിക്കുകയും തുടർന്ന് മലേഷ‍്യയിൽ പോയി ജീവനൊടുക്കുകയും ചെയ്തു. ആത്മഹത‍്യാക്കുറിപ്പിൽ ജ്ഞാനേഷ് കുമാറിനെതിരേ പരാമർശമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് അടക്കം അന്ന് വിജിലൻസ് പരിശോധിച്ചെങ്കിലും സർക്കാർ മാറിയതോടെ അന്വേഷണം മുന്നോട്ടു പോയില്ല.

logo
Metro Vaartha
www.metrovaartha.com