

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ എന്ന് സൂചന.
തിരുവനന്തപുരം: വിവിധ ജില്ലകളിലെ ബാറുകൾക്ക് എക്സൈസ് മന്ത്രി അറിയാതെ ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്സൈസ് വകുപ്പ് തീരുമാനം. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി.
ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി മന്ത്രിക്ക് വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കാനാണ് നീക്കം. നിലവിലെ സസ്പെന്ഷന് നടപടികള്‍ ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനാണെന്നും മന്ത്രി എം. ലിജു അറിയിച്ചു.
സംസ്ഥാനത്ത് പത്ത് മുതല്‍ 12 വര്‍ഷം വരെ അടഞ്ഞുകിടന്ന വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് അപേക്ഷനല്‍കി 24 മണിക്കൂറിനകം ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ബാര്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ താന്‍ നേരിട്ട് നടത്തിയ ഇടപെടലിലൂടെയാണ് പുറത്തുകൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അബ്കാരി ചട്ടപ്രകാരം പത്ത് മാസം അടഞ്ഞുകിടന്നാല്‍ ബാര്‍ ലൈസന്‍സ് റദ്ദാകും. എന്നാല്‍, നിയമപഴുതുകള്‍ ഉപയോഗിച്ചാണ് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ലൈസന്‍സ് നല്‍കിയത്. ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യമായ ധൃതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ നിയമങ്ങളുടെ പഴുതുകളുപയോഗിച്ചാണ് താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ എക്സൈസ് കമ്മിഷണറെയോ സര്‍ക്കാറിനെയോ അറിയിക്കാതെ ഇത്തരത്തില്‍ തീരുമാനങ്ങളെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാനും പുതുക്കാനുമുള്ള അധികാരം നല്കിയ ചട്ടങ്ങള്‍ കഴിഞ്ഞ സര്‍ക്കാരാണ് ഭേദഗതി ചെയ്തത്.
ഇത്തരത്തില്‍ കഴിഞ്ഞ സര്‍ക്കാറുണ്ടാക്കിയ തെറ്റായ നിയമങ്ങള്‍ ഭേദഗതിചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും അന്വേഷണമുണ്ടാകും. ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ രേഖകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
488 ബാര്‍ ലൈസന്‍സുകളാണ് പത്ത് വര്‍ഷത്തിന് ഇടയില്‍ അനുവദിച്ചത്. ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്ത്രി അറിയാതെ എക്സൈസ് ഡെ.കമ്മീഷണർമാർ ബാർ ലൈസൻസ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ സസ്പെഷൻ നൽകുകയും ചെയ്തു.