
വിജയദശമിയിൽ 'ഹരിശ്രീ' കുറിച്ച് കുരുന്നുകൾ
കോഴിക്കോട്: വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളിൽ നിരവധി പേരാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 4 വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തി ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്.
പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്‍റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.
എറണാകുളം പറവൂർ മൂകാംബികക്ഷേത്രത്തിനും ചോറ്റാനിക്കര ക്ഷേത്രത്തിലും തൃശൂർ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരൂർ തുഞ്ചൻപറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരാംഭത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.