

വിനോദ് കൃഷ്ണ
തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാർ വരുന്നതിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ പാർട്ടിയിൽ നിന്നും രാജിവെച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജി വെക്കുന്നുവെന്ന് വിനോദ് കൃഷ്ണ രാജിക്കത്തിലൂടെ പറഞ്ഞു.
രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജി സമർപ്പിക്കുന്നതായാണ് കത്തിൽ പറയുന്നത്. മൂന്നാം പിണറായി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മതേതരത്വം സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും കോൺഗ്രസിന്‍റെ പ്രസക്തി ഓരോ ദിവസവും കുറഞ്ഞുവരികയാണെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നു. പാർട്ടിക്കുള്ളിലെ ഘടനാപരവും സംഘടനാപരവുമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
50 വയസിൽ താഴെയുള്ളവർക്ക് പ്രധാന നേതൃസ്ഥാനങ്ങളിൽ മതിയായ പ്രാതിനിധ്യമില്ലാത്തത് യുവാക്കളുമായുള്ള ബന്ധം കുറയ്ക്കുന്നു.2005-ൽ നേതൃത്വമാറ്റം ലക്ഷ്യമിട്ട് ആരംഭിച്ച 'കോൺഗ്രസ് റിവൈവ് മൂവ്‌മെന്‍റ്' മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാത്തതും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പാർട്ടിയുടെ തിരിച്ചടികൾക്ക് കാരണമായതായി അദ്ദേഹം രാജിക്കത്തിലൂടെ ചൂണ്ടിക്കാട്ടി.