ഇനി കൃത്രിമക്കൈ വിനോദിനിക്ക് താങ്ങാകും

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് കൃത്രിമ കൈ പിടിപ്പിച്ചത്.
Vinodini will now be able to support herself with an artificial arm

വിനോദിനി

Updated on

കൊച്ചി: നഷ്ടപ്പെട്ടതിന് പകരമാകില്ലെങ്കിലും ഒൻപത് വയസുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാ പിഴവിനെ തുടർന്ന് വലതു കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് കൃത്രിമ കൈ പിടിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇതിന്‍റെ ചെലവു വഹിച്ചത്. സെപ്റ്റംബർ 24ന് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിയെ ആദ്യമെത്തിച്ചത് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു.

ചികിത്സയ്ക്കിടെ വിനോദിനിയുടെ വലതുകൈയിൽ ശക്തമായ നീർക്കെട്ട് രൂപപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അണുബാധ സ്ഥിതി ഗുരുതരമാക്കിയിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒടുവിൽ ഡോക്റ്റർമാർ വലത് കൈ മുറിച്ചുമാറ്റി.

ചികിൽസാപിഴവിൽ നീതിക്കായുള്ള പോരാട്ടത്തിനിടെ വിനോദിനിയുടെയും കുടുംബത്തിന്‍റെയും അവസ്ഥ മനസിലാക്കിയ വി.ഡി. സതീശനാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചെലവും ഏറ്റെടുത്തത്. കൃത്രിമ കൈയിൽ ഒരു കെട്ട് പൂക്കളുമായാണ് തന്നെ കാണാനെത്തിയ പ്രതിപക്ഷ നേതാവിനെ വിനോദിനി ചെറുപുഞ്ചിരിയോടെ സ്വീകരിച്ചത്.

ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ വലിയ പ്രതീക്ഷയിലാണ് വിനോദിനി. മാസങ്ങൾ നീണ്ട വേദനയ്ക്ക് ഒരുപരിധിവരെയെങ്കിലും ആശ്വാസം കണ്ടെത്താൻ കഴിഞ്ഞ മുഖവുമായി കുടുംബാംഗങ്ങൾ അവളെ ചേർത്തുപിടിച്ചു.

logo
Metro Vaartha
www.metrovaartha.com