

ലെവൽ ക്രോസുകളിലെ നിയമലംഘനം; ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: റെയ്ൽവേ ലെവൽ ക്രോസുകളിൽ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ പൂർണമായും അടച്ചുകഴിഞ്ഞോ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുകയറ്റുന്നവർക്കെതിരേ കർശന നടപടിയുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇത്തരം രീതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്. ഇതു സംബന്ധിച്ച് റെയ്ൽവേ നൽകുന്ന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരേ റെയ്ൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും കേരള പൊലീസും കേസെടുക്കാറുണ്ടെങ്കിലും, മോട്ടോർ വാഹന വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടൽ കൂടി ഉണ്ടാകുന്നതോടെ ശിക്ഷാനടപടികൾ കൂടുതൽ കർക്കശമാകും. റെയ്ൽവേ ക്രോസുകളിൽ നിർദേശങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരേ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെയും റെയ്‌ൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി. സംസ്ഥാനത്തു വിവിധ ഭാഗങ്ങളിൽ റെയ്ൽവേ ഗേറ്റുകൾ അടയ്ക്കുന്നതിനിടെ ബൈക്കുകളും കാറുകളും ഓടിച്ചുകയറ്റുന്നതു മൂലം ഗേറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. ഗേറ്റ് താഴ്ന്നു തുടങ്ങുമ്പോൾ പെട്ടെന്ന് കടന്നുപോകാൻ ശ്രമിക്കുന്ന വാഹനങ്ങൾ ഗേറ്റിനിടയിൽ കുടുങ്ങുന്നത് ട്രെയ്‌ൻ ഗതാഗതത്തെയും യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്നുമുണ്ട്.