വിഴിഞ്ഞം തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്ന് വിദഗ്ധ സമിതി

നാലംഗ സമിതിയാണ് വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം

തിരുവനന്തപുരം: ജില്ലയിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖമാണെന്ന ലത്തീന്‍ അതിരൂപതയുടെ വാദം തള്ളി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ലെന്നും തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നുമാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സമിതി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. നാലംഗ സമിതിയാണ് വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മത്സ്യത്തൊഴിലാളികളെ മുന്‍ നിര്‍ത്തി ലത്തീന് അതിരൂപത വിഴിഞ്ഞത്ത് നടത്തിയ സമരം ഒതുതീര്‍ത്തതിന്‍റെ ഭാഗമായാണ് തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നത്.

തിരുവനന്തപുരത്തുണ്ടാകുന്ന രൂക്ഷമായ കടലാക്രമണങ്ങള്‍ക്ക് കാരണം തുറമുഖ നിര്‍മാണമാണമെന്നായിരുന്നു ലത്തീന്‍ അതിരൂപതയുടെ വാദം. 100 ദിവസത്തില്‍ അധികം നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പ്രധാന മുദ്രാവാക്യവും തീരശോഷണം ആയിരുന്നു. എന്നാല്‍ ഈ വാദങ്ങളെ തള്ളുന്നതാണ് ഡോ. എം.ഡി കൂഡാലെ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നും തുറമുഖ നിര്‍മാണത്തിന് മുമ്പും ജില്ലയിലെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടായിരുന്നുവെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ ഇന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന് കൈമാറും. അതേസമയം വിദഗ്ധ സമിതിയില്‍ ലത്തീന്‍ അതിരൂപത പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ലത്തീന്‍ സഭ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനിടയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം വീണ്ടും ഉയര്‍ന്നുവരുന്നത് രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയമായി ഉപയോഗിച്ചേക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com