"ഡിവൈഎഫ്ഐ പ്രവർത്തകർ ലഹരി വ്യാപാരം നടത്തി ജീവിക്കുന്നു"; എംഎൽഎ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രന്‍റേതായിരുന്നു വിവാദ പരാമർശം
vp sajeendran mla controversy remark against dyfi

ഡിവൈഎഫ്ഐക്കെതിരേ വിവാദ പരാമർശം നടത്തി വി.പി. സജീന്ദ്രന്‍

Updated on

കോലഞ്ചേരി: ലഹരി വ്യാപാരം നടത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ജീവിക്കുന്നതെന്ന കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രന്‍റെ പരാമർശം നിരുപാധികം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി. കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിൽ എംഎൽഎ നടത്തിയ ഈ പ്രസ്താവന സ്വന്തം പാർട്ടിയിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ മയക്കുമരുന്ന് ലഹരി ഉത്പ്പന്നങ്ങളുടെ വിപണനക്കാരും ഉപഭോക്താക്കളും എന്ന പരാമർശം ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ലെന്നും, എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇത് പറഞ്ഞതെന്നും വ്യക്തമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തും അഞ്ചലിലും ലഹരിമരുന്നുമായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സംഘങ്ങൾ പിടിയിലായിട്ടുണ്ട്. കൂടാതെ കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് നേതാവിനെ മാരക ലഹരി വസ്തുവുമായി പൊലീസ് പിടികൂടുകയുമുണ്ടായി. എംഎൽഎയുടെ പ്രസ്താവന ശരിയാണെങ്കിൽ കോൺഗ്രസും മറ്റു പോഷക സംഘടനകളും ലഹരി വിൽപ്പന നടത്തിയാണ് ജീവിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രവർത്തകർ പറ‍യുന്നു.

നാടിനെ തകർക്കുന്ന ലഹരി വിപത്തുകൾക്കെതിരേ തുടർച്ചയായി തെരുവിൽ ഇറങ്ങി പ്രചരണം നടത്തുന്നവരാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും. രൂപീകരണ ഘട്ടം മുതൽ ലഹരിവിരുദ്ധ ക്യാമ്പയിനുകളും പരിപാടികളും ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നുണ്ട്. ലഹരിക്കെതിരെ താഴെ യൂണിറ്റ് തലം വരെ ജനകീയ കവചവും ജാഗ്രതാ സമിതികളും രൂപീകരിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസ്,എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം പരിപാടികളിൽ പങ്കാളികളാകുന്നുമുണ്ടെന്നും ജില്ലാ കമ്മിറ്റി പറയുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന ആശയം മുൻനിർത്തി ഒട്ടേറെ കായിക മത്സരങ്ങളും ഡിവൈഎഫ്ഐ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ലഹരി മാഫിയ സംഘത്തിനെതിരേ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്‍റ് ആയിരുന്ന എം.ആർ. വിദ്യാധരന്‍റെ ജില്ലയിൽ നിന്നുകൊണ്ടാണ് എംഎൽഎ ഇത്തരം തോന്ന്യവാസം വിളിച്ച് പറയുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

എംഎൽഎയുടെ സ്വന്തം മണ്ഡലമായ കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് നേതാവിനെ ലഹരിമരുന്നുമായി പിടിച്ചതിന്‍റെ ജാള്യത മറയ്ക്കാൻ ഡിവൈഎഫ്ഐയെ കുറ്റം പറയുന്നതും അപഹസിക്കുന്നതും ലഹരിവിരുദ്ധ പ്രവർത്തനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത് പൊതുസമൂഹംഅംഗീകരിക്കുന്നതല്ല. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ പ്രസ്താവന തിരുത്തുവാനും പരസ്യമായി മാപ്പു പറയുവാനും എംഎൽഎ തയ്യാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികളും ശക്തമായ യുവജനപ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്‍റ് ബിബിൻ വർഗീസ്, സെക്രട്ടറി നിഖിൽ ബാബു എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com