തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി

തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും സമസ്ത നേതാവ് ഉമർ ഫൈസി മുക്കം
VP Suhara
VP Suhara
Updated on

കോഴിക്കോട്: കുടുംബശ്രീ നടത്തിയ 'സ്‌കൂളിലേക്ക് തിരികെ' എന്ന പരിപാടിക്കിടെ തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തക വി.പി. സുഹറയെ വേദിയിൽ നിന്ന് ഇറക്കിവിട്ടു. കോഴിക്കോട് നല്ലളം ഹൈസ്‌കൂളിൽ വെച്ച് നടന്ന കോഴിക്കോട് കോർപ്പറേഷൻ നാൽപതാം ഡിവിഷനിലെ കുടുംബശ്രീ പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ സംഘാടകർ തന്നെ ഇവരെ പ്രതിഷേധിക്കാൻ അനുവദിക്കാതെ പറഞ്ഞുവിടുകയായിരുന്നു.

കോഴിക്കോട് കോർപ്പറേഷന്‍റെ ക്ഷണപ്രകാരമാണ് വി.പി. സുഹറ കുടുംബശ്രീ പരിപാടിക്ക് എത്തിയത്. എന്നാൽ പ്രസംഗത്തിനിടെ പരിപാടിയുമായി ബന്ധമില്ലാത്ത വിഷയം പ്രസംഗിക്കുകയും സമസ്ത നേതാവിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് തന്‍റെ തട്ടം അഴിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വേദിയിൽ ഉണ്ടായിരുന്ന കോർപ്പറേഷൻ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ പി.സി. രാജൻ, സ്‌കൂൾ പിടിഎ പ്രസിഡന്‍റ് ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രതിഷേധവുമായി മുന്നോട്ട് വന്നു.

VP Suhara
സ്ത്രീ വിരുദ്ധ പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ

ഇത്തരം പ്രതിഷേധങ്ങൾക്ക് ഉള്ള വേദിയല്ല ഇതെന്നും ഇവിടെ പ്രതിഷേധം അനുവദിക്കാൻ ആവില്ലെന്നും ഇവർ സുഹറയെ അറിയിച്ചു. ഇതിനിടെ സുഹ്റക്കെതിരെ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകരും പരിപാടിക്കെത്തിയ മറ്റു സ്ത്രീകളും രംഗത്ത് വന്നു.

സുഹ്റക്കെതിരെ വേദി മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ഇവരോട് പരിപാടിയിൽ നിന്ന് മടങ്ങാൻ സംഘാടകർ അറിയിക്കുകയായിരുന്നു. ഉദ്‌ഘാടനത്തിന് ശേഷം ഇവരുടെ ഒരു ക്ലാസും കുടുംബശ്രീ പ്രവർത്തകർക്കായി നേരത്തെ നിശ്ചയിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ക്ലാസും വേണ്ടെന്ന് വെച്ചതായി സംഘാടകർ അറിയിച്ചു.

അതേസമയം, സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തെ വളച്ചൊടിച്ചാണ് വി.പി. സുഹറ വേദിയിൽ അവതരിപ്പിച്ച് പ്രതിഷേധം ഉയർത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നുമാണ് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പ്രതികരിച്ചത്. എന്നാൽ, തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും, മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമുള്ള ഉമർ ഫൈസിയുടെ പരാമർശമാണ് സുഹറയെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com