
വിഎസിന് ഹൃദയാഭിവാദ്യം; തോരാമഴയിലും തളരാതെ അണികൾ
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാനായി പുന്നപ്രയിലേക്ക് ജനപ്രവാഹം. കനത്ത മഴ വക വയ്ക്കാതെ വൻ ജനക്കൂട്ടമാണ് പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. നിലയ്ക്കാത്ത മുദ്രാവാക്യത്തിൽ മുങ്ങുകയാണ് പുന്നപ്ര. പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിലും, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഒരുക്കിയിരുന്നു.
ജനക്കൂട്ടം ഒഴുകിയെത്തിയതിനാൽ സംസ്കാരം നീളുകയാണ്. പൊതുദർശനം അവസാനിപ്പിച്ച് പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോയി. നൂറു കണക്കിന് പേരാണ് വിലാപയാത്രയിൽ പങ്കാളികളായത്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ സംസ്കാരത്തിന് സാക്ഷിയാകുന്നതിനായി വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്.
അതു കൊണ്ട് തന്നെ വലിയ സുരക്ഷയാണ് പൊലീസ് ഉറപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ചുടുകാട്ടിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. മകൻ അരുൺ കുമാർ വിഎസിന്‍റെ ചിതയ്ക്ക് തീ കൊളുത്തും.