വാട്ടര്‍ മെട്രൊ ഇനി ആലപ്പുഴയിലും കൊല്ലത്തും; ദേശീയ ജലപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി മെട്രൊ റെയ്ൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു
water metro

വാട്ടർ മെട്രൊ

Updated on

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്‍റെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രൊ റെയ്ൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു.

റോഡ് മാർഗമുള്ള അമിതമായ ചരക്കുനീക്കം കുറച്ച് ജലപാതകളിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാൻ സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് നിലവിൽ 10 ബാർജുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും സി.പി. ജോൺ പറഞ്ഞു. 2031ഓടെ പൂർണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ജലഗതാഗത വകുപ്പ് ചുവടുവയ്ക്കുന്നത്.

ഇതിന്‍റെ ഭാഗമായി വരുംവർഷങ്ങളിൽ വകുപ്പിന്‍റെ 60 ശതമാനം ബോട്ടുകളും 50 ശതമാനം സ്റ്റേഷനുകളും സോളാർ സംവിധാനത്തിലേക്ക് മാറും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി വൈക്കം സ്റ്റേഷനെ മാറ്റിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ യാത്രാ ബോട്ട് ആദിത്യയ്ക്ക് ലോകത്തെ ഏറ്റവും മികച്ച ഇലക്‌ട്രിക് ബോട്ടിനുള്ള ഗുസ്താവ് ട്രൂവെ അവാർഡ് ലഭിച്ചത് സംസ്ഥാനത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com