കൽപ്പറ്റ: വയനാട് ദുരന്തത്തിന്‍റെ ഒൻപതാം ദിവസമായ ഇന്നും (ഓഗസ്റ്റ് 7) കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. വിവധ വകുപ്പുകളുടെ മേധാവികൾ ചേർന്നാണ് ഇന്നത്തെ പരിശോധന നടത്തുക. നേരത്തെ പരിശോധന പൂർത്തിയാക്കിയ ഇടങ്ങളിലും ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും.
കൂടാതെ സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്‍റെ പരിശോധന ഇന്നും തുടരും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ചൊവ്വാഴ്ച 4 കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് 6 കിലോമീറ്റര്‍ ദൂരം പരിശോധന നടത്താനാണ് ആലോചന. പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 4 എസ്ഒജി, 6 ആർമി സൈനികരും അടങ്ങുന്ന 12 പേരുടെ സംഘമാണ് തെരച്ചിൽ നടത്തുക. കൽപ്പറ്റ എസ്കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ സംഘവുമായി സൺറൈസ് വാലിയിലേക്ക് ഹെലികോപ്റ്റർ പുറപ്പെട്ടു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കി. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ ഇതുവരെ 224 മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ ഇതുവരെ സംസ്ക്കരിച്ചു. പുത്തുമലയിൽ 64 സെന്‍റ് സ്ഥലമാണ് ശ്മശാനത്തിനായി സർക്കാർ ആദ്യം ഏറ്റെടുത്തത്. പിന്നീട് 25 സെന്‍റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.