

വയനാട്ടിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ (ഫയൽ ചിത്രം)
കൽപ്പറ്റ: വയനാട്ടിലെ കള്ളാടിയിൽ ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതി സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച എട്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കുമായി സംസ്ഥാന സർക്കാർ ആകെ 49.25 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മണ്ണിടിച്ചിലിൽ മരിച്ച മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ, ബിഹാർ സ്വദേശികളായ ബികാഷ് കുമാർ, മുഹമ്മദ് ഇമ്രാൻ അൻസാരി, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ജാർഖണ്ഡ് സ്വദേശി അൻമോൾ, ഹിമാചൽ പ്രദേശ് സ്വദേശികളായ ബിക്രം സിങ് റാണ, രാഹുൽ ശർമ്മ, പശ്ചിമ ബംഗാൾ സ്വദേശി രാകേഷ് ഗുചൈത് എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജ്നീഷ് റാവത്ത്, ദിലീപ് യാദവ് എന്നിവർക്ക് രണ്ട് ലക്ഷം രൂപ വീതവും അനുവദിച്ചു. നിസാര പരിക്കേറ്റ ടി.കെ. കുഞ്ഞു, ഹീർ കുമാർ, തന്മയ് ഘോഷ്, കൂടമ്മാൾ, സന്തോഷ് കുമാർ എന്നിവർക്ക് 25,000 രൂപ വീതവും നൽകി. മരിച്ചവരുടെ അടുത്ത ബന്ധുക്കളുടെയും പരുക്കേറ്റവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നേരിട്ട് കൈമാറിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അർഹമായ ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കേരള ഹൈക്കോടതി ജൂലൈ 10ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്.