
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ്പ്; മുഖ്യമന്ത്രി തറക്കല്ലിടും
കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിന് തുടക്കമാകുന്നു. വ്യാഴാഴ്ച വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള 64 ഹെക്റ്റർ ഭൂമിയിലാണ് ടൗൺ ഷിപ്പ് നിർമിക്കുക. 1000 ചതുരശ്ര അടിയിലുള്ള വീടുകൾ 7 സെന്‍റ് വീതമുള്ള പ്ലോട്ടുകളിൽ നിർമിക്കും. ഭാവിയിൽ രണ്ടു നിലയായി ഉയർത്താനാവുന്ന വിധത്തിലാണ് വീടുകൾ നിർമിക്കുക. രണ്ട് ബെഡ്റൂമുകൾ, ഹാൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം , ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയോടു കൂടിയ വീടുകളാണ് നിർമിക്കുക.
ആരോഗ്യകേന്ദ്രം, അങ്കണവാണി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്‍റർ എന്നിവയും ടൗൺ ഷിപ്പിൽ ഉണ്ടായിരിക്കും. ടൗൺഷിപ്പിൽ വീടിന് താൽപ്പര്യമില്ലാത്തവർക്കായി 15 ലക്ഷ രൂപ നൽകും. ഒന്നാം ഘട്ടത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 242 കുടുംബങ്ങളെ പരിഗണിക്കും.
രണ്ടാം ഘട്ടത്തിൽ വാസയോഗ്യമായ ഇടങ്ങളിൽ വീടുള്ള 67 കുടുംബങ്ങൾ ഉൾപ്പെടും. വൈദ്യുതി , കുടിവെള്ളം, ലൈബ്രറി, സ്പോർട്സ്ക്ലബ്, ഓപ്പൺ എയർ തിയെറ്റർ, കമ്യൂണിറ്റി സെന്‍റർ , മൾട്ടിപർപ്പസ് ഹാൾ, കളി സ്ഥലം എന്നിവയും ഒരുക്കും.