ചിന്നക്കനാലിൽ കാട്ടാനകൾ ഏറ്റുമുട്ടി; ചക്കക്കൊമ്പന്‍റെ കുത്തേറ്റ് മുറിവാലൻ കൊമ്പൻ അവശനിലയിൽ

ചിന്നക്കനാൽ വിലക്കിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിൽ വീണുകിടക്കുന്ന കൊമ്പന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകി.
Wild elephant
ചക്കക്കൊമ്പന്‍റെ കുത്തേറ്റ് മുറിവാലൻ കൊമ്പൻ അവശനിലയിൽ
Updated on

മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ പതിവു സാന്നിധ്യമായ കാട്ടാനകൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒരു കൊമ്പൻ സാരമായി പരുക്കേറ്റു വീണു. മുറിവാലൻ എന്ന് അറിയപ്പെടുന്ന കൊമ്പനാണ്, ചക്കക്കൊമ്പനെന്ന കാട്ടാനയുടെ കുത്തേറ്റ് അവശനിലയിലായത്. ചിന്നക്കനാൽ വിലക്കിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിൽ വീണുകിടക്കുന്ന കൊമ്പന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകി.

വിദഗ്ധ ചികിത്സയ്ക്കായി ഡോ. അരുണ്‍ സക്കറിയ, ഡോ. സിബി എന്നിവർ കൂടി ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഡോ. അരുണ്‍ സക്കറിയയും ഡോ. സിബിയും ഇന്നു രാവിലെ സംഭവസ്ഥലത്തെത്തും. കഴിഞ്ഞ 21നാണു 45 വയസുള്ള മുറിവാലനും ഇരുപത്തഞ്ചുകാരൻ ചക്കക്കൊമ്പനും 60 ഏക്കർ ചോല പ്രദേശത്ത് ഏറ്റുമുട്ടിയത്. മുറിവാലന്‍റെ കാലുകളിലടക്കം പിൻഭാഗത്ത് ആഴത്തിലുള്ള 15 മുറിവുകളുണ്ട്. ഇടതുകാലിന് കരുത്ത് നഷ്ടമായ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. മുറിവ് പഴുത്ത് അണുബാധയുണ്ടായതോടെ ഇന്നലെ ആന വീണു.

വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വെള്ളം ആന കുടിക്കുന്നുണ്ട്. മുറിവുണക്കാൻ മരുന്നു നൽകിയെന്നു ദേവികുളം റേഞ്ച് ഓഫിസർ പി.വി.റെജി. മൂന്നാർ എസിഎഫ് ജോബ് ജെ. നേര്യംപറമ്പിലും സംഭവസ്ഥലത്തെത്തി. ഏറ്റുമുട്ടലിൽ ചക്കക്കൊമ്പനും പരുക്കേറ്റിട്ടുണ്ടെന്നാണു നിഗമനം.

അരിക്കൊമ്പൻ, മുറിവാലൻ, ചക്കക്കൊമ്പൻ എന്നീ ആനകളാണു ചിന്നക്കനാലിലെ ജനവാസമേഖലയിൽ പതിവായി ഇറങ്ങിയിരുന്നത്. ഏഴു പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ 2023 ഏപ്രിലിൽ മയക്കുവെടിവച്ച് പിടികൂടി മാറ്റി. ഇതിനുശേഷവും ഇവിടെ മൂന്നു പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചക്കക്കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ പതിവെങ്കിലും ആദ്യമായാണ് ഒരാനയ്ക്ക് സാരമായ പരുക്കേൽക്കുന്നത്. ഈ രണ്ടു കൊമ്പന്മാരെ കൂടാതെ പിടിയാനക്കൂട്ടത്തോടൊപ്പം മൂന്നു കുട്ടിക്കൊമ്പൻമാരും ചിന്നക്കനാൽ മേഖലയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com