മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് 'കബാലി'; വഴിയിൽ കുടുങ്ങി യാത്രക്കാർ | Video

കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു ഇരമ്പിച്ചു ശബ്ദമുണ്ടാക്കിയതിനു ശേഷമാണ് കബാലി റോഡിൽ നിന്നും മാറിയത്.
മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് 'കബാലി'; വഴിയിൽ കുടുങ്ങി യാത്രക്കാർ | Video

ചാലക്കുടി: ആനമല അന്തർ സംസ്ഥാന പാതയിൽ കബാലിയുടെ വിളയാട്ടം തുടരുന്നു. വാഹനങ്ങൾ കാട്ടുകൊമ്പൻ തടയുന്നത് പതിവാകുമ്പോഴും നടപടിയൊന്നും സ്വീകരിക്കാതെ വനം വകുപ്പ് അധികൃതർ. ചൊവ്വാഴ്ച രാവിലെ മലക്കപ്പാറ പാതയിൽ അമ്പലപ്പാറക്ക് സമീപത്തായി മൂന്നര മണിക്കൂറോളം കബാലി വാഹനങ്ങൾ തടഞ്ഞിട്ടു. ഇതേ തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം അന്തർ സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കായിരുന്നു.

രാവിലെ 6 :30ഓടെ ആനമല പാതയിലെ അമ്പലപ്പാറയിൽ കബാലി പന റോഡിലേക്ക് മറിച്ചിട്ട് തിന്നു കൊണ്ട് റോഡിൽ നിന്നു മാറാതെ നിന്നത്. മൂന്നര മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും ജോലിക്കായി പോയിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കാടിനകത്തു കുടുങ്ങി കിടന്നു.

മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന തേയില ലോറിയാണ് ആദ്യമെത്തിയത്. തൊട്ടുപിറകെയെത്തിയ മലക്കപ്പാറയിൽ നിന്ന് ചാലക്കുടിക്കുള്ള രണ്ട് കെഎസ്ആർടിസി ബസുകളും ഒരു സ്വകാര്യ ബസും ചാലക്കുടിയിൽ നിന്ന് വന്നിരുന്ന ഒരു സ്വകാര്യ ബസും വഴിയിൽ കുടുങ്ങി. ഇതിനു പറുമേ ലോറികൾ, വിനോദസഞ്ചാരികളുടെ കാറുകൾ, ഇരുചക്രവാഹനങ്ങൾ കാടിനകത്ത് കുടുങ്ങി.

മലക്കപ്പാറ ഭാഗത്തു നിന്നു വന്ന തടി ലോറിയാണ് ആദ്യം കബാലി തടഞ്ഞത്. വാഹനം മുമ്പോട്ടെടുക്കുമ്പോൾ നിരവധി തവണ വാഹനത്തിന് നേരെ കബാലി പാഞ്ഞാടുത്തതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് പുറകിൽ വന്നിരുന്ന കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു വാഹനം ഇരമ്പിച്ചു ശബ്ദമുണ്ടാക്കിയപ്പോൾ റോഡിൽ നിന്നു കബാലി മാറി. ഇതിനു ശേഷമാണ് വാഹനങ്ങൾ യാത്ര ആരംഭിച്ചത്.

മൂന്ന് ദിവസമായി അന്തർസംസ്ഥാന പാതയിൽ കബാലി വാഹനങ്ങൾ തടയുന്നുണ്ട്. കുറച്ചു നാളുകളായി കാനന പാതയിൽ കബാലി എന്ന കാട്ടുകൊമ്പൻ വാഹനങ്ങൾ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവായിരിക്കുകയാണ്. ദിവസവും കാട്ടുനിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പനെ കാട് കയറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.