വയനാടിനെ ഭയന്ന് സഞ്ചാരികൾ; കുടുംബത്തിനൊപ്പം വയനാട്ടിൽ പോയി താമസിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിലവിലെ സാഹചര്യത്തിൽ വയനാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതിനായാണ് സർക്കാരിന്‍റെ ശ്രമം.
Minister mohammad riaz
കുടുംബത്തിനൊപ്പം വയനാട്ടിൽ പോയി താമസിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Updated on

തിരുവനന്തപുരം: ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട് വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ തളർച്ച പരിഹരിക്കാനായി സംസ്ഥാന സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള പ്രചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി വയനാട്ടിൽ ബ്ലോഗർമാരുടെ മീറ്റ് നടത്തും. നിലവിലെ സാഹചര്യത്തിൽ വയനാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതിനായാണ് സർക്കാരിന്‍റെ ശ്രമം. വയനാട്ടിലെ ചൂരൽമല, പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങളിൽ മാത്രമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

എന്നാൽ ദുരന്തത്തെ പൊതുവായി വയനാട് ദുരന്തം എന്നു പരാമർശിക്കുന്നത് തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉരുൾപൊട്ടൽ വയനാട്ടിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വയനാട്ടിലെ റിസോർട്ടുകളിലെയെല്ലാം ബുക്കിങ് കൂട്ടത്തോടെ റദ്ദായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ മാത്രമല്ല കേരളത്തിലെ മൊത്തം ടൂറിസത്തെ ഉരുൾപൊട്ടൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരവധി മനോഹരമായ കടൽത്തീരങ്ങളും, മലനിരകളും, തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമുള്ള കേരളത്തിന്‍റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നാണ് ടൂറിസം.

ഓണക്കാലം ടൂറിസം മേഖല വലിയ നേട്ടം കൈവരിക്കാറുണ്ട്. ഇൻഫ്ലുവൻസേഴ്സ് അടക്കമുള്ളവരുടെ സഹകരണത്തോടെ ഈ ഓണക്കാലത്ത് വയനാട്ടിലേക്ക് ധാരാളം വിനോദസഞ്ചാരികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

മൈ കേരള ഇസ് എവർ ബ്യൂട്ടിഫുൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയിൻ നടത്തുക. വയനാട് സുരക്ഷിതമാണെന്ന് ഉറപ്പു നൽകുന്നതിനായി താനും കുടുംബവും വയനാട്ടിലെത്തി സമയം ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 17 ലക്ഷം സഞ്ചാരികളാണ് വയനാട്ടിൽ എത്തിയത്. 

Trending

No stories found.

Latest News

No stories found.