

വി.ഡി. സതീശന്‍
പി.ബി. ബിച്ചു
തിരുവനന്തപുരം: ഇന്ദിര ഗ്യാരന്‍റികൾ ഉൾപ്പടെ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ ധനവകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കും.
ക്ഷേമ പെൻഷൻ വർധന, കോളെജ് വിദ്യാർഥിനികൾക്ക് ധനസഹായം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്, യുവസംരംഭകർക്ക് പലിശരഹിത വായ്പ തുടങ്ങിയവ നടപ്പാക്കണമെന്നതിനാൽ നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ ഏത് തരത്തിൽ അധികവരുമാനം കണ്ടെത്തുമെന്നതു ശ്രദ്ധേയം.
എൽഡിഎഫ് സർക്കാരിന്‍റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആകെ വരുമാനമായി പ്രതീക്ഷിച്ചത് 1.84 ലക്ഷം കോടി രൂപയായിരുന്നു, ചെലവ് 2.39 ലക്ഷം കോടി. വരവുംചെലവും തമ്മിൽ 55,419 കോടിയുടെ വ്യത്യാസമുള്ളതിനാൽ അത്രയും തുക റിസർവ് ബാങ്ക് വഴി പൊതു വിപണിയിൽനിന്നു കടമെടുക്കാമെന്നും കണക്കുകൂട്ടി. ശമ്പളവും പെൻഷനും പലിശയും മറ്റു ഭരണച്ചെലവും ബജറ്റിൽ ലക്ഷ്യമിട്ടതു പോലെ നടക്കുമെന്നും പ്രതീക്ഷിച്ചു.
എന്നാൽ റവന്യൂ കമ്മി ഗ്രാന്‍റ് ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള 14,317 കോടി രൂപ കിട്ടില്ലെന്ന് ഉറപ്പായി. കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 5,000 കോടിയും കുറയും. ഇതോടെ വരുമാനത്തിൽ 20,000 കോടിയാണ് ആകെ കുറയുന്നത്. ശമ്പളവും പെൻഷനും പലിശയും ദൈനംദിന ഭരണം നടത്താനുള്ള പണവും കഴിഞ്ഞാൽ വികസന പദ്ധതികൾക്കായി ബജറ്റിൽ ബാക്കിയുള്ളത് 33,000 കോടിയാണ്. അതിൽ 20,000 കോടി നഷ്ടപ്പെടുന്നതോടെ 10,000 കോടിയുമായി മുന്നോട്ടുപോകാൻ ബജറ്റിൽ വിസ്മയം കൂടിയേ തീരൂ. ഖജനാവിന്‍റെ സ്ഥിതി കണക്കിലെടുത്താൽ ജനകീയ പദ്ധതികൾ കുറയാനാണ് സാധ്യത.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധന വകുപ്പ് ധവളപത്രം പുറത്തിറക്കിയതിനു പിന്നാലെ വരുന്ന ബജറ്റ് ജനങ്ങൾക്ക് അധിക ഭാരമേൽപ്പിക്കാതെ നികുതി- നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ഇന്ധനത്തിനും മദ്യത്തിനും ഭൂമിക്കും നികുതി കൂട്ടുകയാണ് വരുമാനം വർധിപ്പിക്കാനുള്ള എളുപ്പവഴി. എന്നാൽ, ഇന്ധന വില കൂടുതലാണെന്നതു വെല്ലുവിളിയാണ്.
ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ ബജറ്റിൽ വന്നേക്കും. പുതിയ ആശയങ്ങളുണ്ടായില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് കയ്പുനീരു കുടിക്കേണ്ടിവരും. 4 വർഷത്തിനുള്ളിൽ 8 ഗഡുക്കളായി നൽകേണ്ട 36,057 കോടി ഡിഎ, ഡിആർ കുടിശികയുടെ ആദ്യ ഗഡു ഈ വർഷം നൽകാനുള്ള മുൻ സർക്കാർ ഉത്തരവ് റദ്ദാക്കിയേക്കും. ആദ്യ ഗഡു നൽകാൻ മാത്രം വേണ്ടത് 9,014 കോടിയാണ്. ശമ്പള പരിഷ്കരണവും നീട്ടിവയ്ക്കാനാണു സാധ്യത.
കിഫ്ബിയെ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വിലയിരുത്തി അതിനെ ധനസമാഹരണ മോഡലാക്കി മാറ്റുന്നതിനൊപ്പം പൂർണ നിയന്ത്രണം ധന വകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടായേക്കും. അതിവേഗ റെയ്‌ൽപാത, തുറമുഖങ്ങളെ യോജിപ്പിച്ചുള്ള പദ്ധതി എല്ലാം ഉണ്ടാകുമെങ്കിലും ഇവ എങ്ങിനെ ബജറ്റിൽ അവതരിപ്പിക്കുമെന്നത് കണ്ടറിയണം.
ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാം കോണ്‍ഗ്രസ് മുഖ്യമന്ത്രി
ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരളത്തില്‍ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാകും വി.ഡി.സതീശന്‍. ആര്‍. ശങ്കറാണ് ആദ്യമായി ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. 1963-64, 1635-64 വര്‍ഷത്തെ ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. പട്ടം താണുപിള്ളയുടെ രാജിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായപ്പോഴായിരുന്നു ശങ്കറിന്‍റെ ബജറ്റ് അവതരണം.
ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയെ തുടര്‍ന്ന് 2016-17 ബജറ്റ് അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. ആര്‍. ശങ്കറും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയാകും മുമ്പ് ധനവകുപ്പിന്‍റെ ചുമതല വഹിച്ചിട്ടുള്ളവരാണ്. ഇടതുപക്ഷത്തു നിന്നും സി. അച്യുതമേനോനും ഇ.കെ. നായനാരും മുഖ്യമന്ത്രി പദത്തിലിരിക്കെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.