
സി. കൃഷ്ണകുമാർ
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വലിച്ചിഴച്ച് മർദിച്ചെന്നും പീഡന പരാതി നൽകിയ യുവതി. നൂറുകണക്കിന് ആളുകളുടെ മുന്നിൽ വച്ചായിരുന്നു മർദനമെന്നും യുവതി പറഞ്ഞു. മാധ‍്യമപ്രവർത്തകയ്ക്ക് നൽകിയ വാർത്താകുറിപ്പിലാണ് യുവതി ഇക്കാര‍്യം വെളിപ്പെടുത്തിയത്.
സുരേഷ് ഗോപിയാണ് ചികിത്സയ്ക്കായി പണം നൽകിയതെന്നും വി. മുരളീധരൻ, എം.ടി. രമേശ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിരുന്നതായും പുതിയ അധ‍്യക്ഷൻ കാര‍്യങ്ങൾ അറിയാൻ വേണ്ടിയാണ് വീണ്ടും പരാതി നൽകിയതെന്നും യുവതി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.
അതേസമയം ബിജെപി സംസ്ഥാന അധ‍്യക്ഷന് അയച്ച കത്ത് ചോർത്തിയത് താനല്ലെന്നും യുവതി പറഞ്ഞു. ഒരു അഭിഭാഷകൻ പോലും സഹായത്തിനായി ഉണ്ടായിരുന്നില്ലെന്നും പരാതി നൽകുന്ന സമയത്ത് പല കാര‍്യങ്ങളിലും വ‍്യക്തതയുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
പൊലീസ് കൃത‍്യമായി കേസ് അന്വേഷിക്കാത്തതു മൂലമാണ് നടപടിയില്ലാതെ പോയതെന്നും രാഷ്ട്രീയ സ്വാധീനം മൂലം പലരും ഒഴിഞ്ഞുമാറിയെന്നുമാണ് യുവതി ആരോപിക്കുന്നത്. കൃഷ്ണകുമാറിന്‍റെ ഇരകളാക്കപ്പെട്ട സ്ത്രീകൾ പാലക്കാട് ഉണ്ടെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് പറയാൻ എന്ത് യോഗ‍്യതയാണ് കൃഷ്ണകുമാറിന് ഉള്ളതെന്നും പരാതിക്കാരി ചോദിച്ചു.