

ഒരാഴ്ചയ്ക്കിടെ 2 ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ
പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 2 ശസ്ത്രക്രിയകൾക്ക് വിധേയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരേ രംഗത്തെത്തി.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായാണ് ശസ്ത്രക്രിയ തിങ്കളാഴ്ച നടത്തിയിരുന്നു. തുടർന്ന് മായയ്ക്ക് തുടർച്ചയായി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ നടത്തിയ സ്കാനിങ്ങിൽ ആദ്യ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കുടലിൽ മുറിവുണ്ടായി എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ചയോടെ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയായി. തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ പുലർച്ചെ നാലുമണിയോടെ മായ മരിച്ചതായി അറിയിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. രോഗി ഏറെ സങ്കീർണകതകളിലൂടെയാണ് കടന്നുപോയത് എന്നുള്ളതാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഈ സങ്കീർണതകളെല്ലാം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.