യുവതി വിഴുങ്ങിയ 'പപ്പടക്കോൽ' ശ്വാസകോശം തുളച്ച് ആമാശയത്തിലെത്തി; 3 മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്റ്റർമാർ

ഫൈബർ ഒപ്റ്റിക് ഇന്‍റ്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്റ്റ് ലാരിംഗോസ്കോപ്പി എന്നിവയുടെ സഹായത്തോടെയാണ് പപ്പടക്കോൽ വായിലൂടെ തന്നെ പുറത്തെടുത്തത്.
യുവതിയുടെ ശ്വാസകോശത്തിലൂടെ കയറിയ പപ്പടക്കോൽ എക്സ്റേയിൽ, പുറത്തെടുത്ത പപ്പടക്കോൽ
യുവതിയുടെ ശ്വാസകോശത്തിലൂടെ കയറിയ പപ്പടക്കോൽ എക്സ്റേയിൽ, പുറത്തെടുത്ത പപ്പടക്കോൽ

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതി വിഴുങ്ങിയ ഇരുമ്പു കൊണ്ടു നിർമിച്ച പപ്പടക്കോൽ മൂന്നു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തെടുത്ത് കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർ. മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയതു മൂലം സംസാരിക്കാൻ ആകാതെ ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതി ഭക്ഷണം കഴിക്കാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് എന്തോ വിഴുങ്ങിയതായി ഇവർ ആംഗ്യത്തിലൂടെ അറിയിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തപ്പോഴാണ് പപ്പടക്കോൽ കണ്ടെത്തിയത്. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയക്കുകയായിരുന്നു.

ഇരുമ്പിൽ തീർത്ത പപ്പടക്കോൽ അന്നനാളത്തിലൂടെ ഇടതു ശ്വാസകോശം തുരന്ന് ഇറങ്ങി ആമാശയത്തിൽ എത്തി നിൽക്കുകയായിരുന്നു. ഡോക്റ്റർമാരുടെ വിദഗ്ധ സംഘം രോഗിയെ പരിശോധിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ കൂടാതെ തന്നെ പപ്പടക്കോൽ പുറത്തെടുക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തിയത്. രക്തക്കുഴലുകളുടെ ഇടയിലൂടെ കോൽ പുറത്തെടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏതെങ്കിലും വിധത്തിൽ രക്തക്കുഴലുകൾ മുറിയുകയോ ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ഉടൻ തന്നെ ഹൃദയം തുറന്ന് ഓപ്പറേഷൻ നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പപ്പടക്കോൽ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

ഫൈബർ ഒപ്റ്റിക് ഇന്‍റ്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്റ്റ് ലാരിംഗോസ്കോപ്പി എന്നിവയുടെ സഹായത്തോടെയാണ് പപ്പടക്കോൽ വായിലൂടെ തന്നെ പുറത്തെടുത്തത്. ആന്തരിക രക്തസ്രാവമോ മറ്റേതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടോ എന്നറിയാനായി ചെറിയ ശസ്ത്രക്രിയ ചെയ്ത് പരിശോധന നടത്തി. യുവതി നിരീക്ഷണത്തിൽ തുടരുകയാണ്. രണ്ടാഴ്ചയോളം ഇവർക്ക് വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഭക്ഷണം നൽകുന്നതിനായി കുടലിലേക്ക് ട്യൂബിറക്കി. രോഗി സുഖം പ്രാപിച്ചു വരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com