സൗജന്യയാത്ര സ്വപ്നം കണ്ട് സ്ത്രീകൾ; കെഎസ്ആർടിസി വീണ്ടും കട്ടപ്പുറത്താകുമോ?|Video

വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ പ്രതിച്ഛായ ഇടിയുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ വിലയിരുത്തുന്നത്.
Women dream of free travel on KSRTC; Will UDF fulfill its promises? |Video

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര സ്വപ്നം കണ്ട് സ്ത്രീകൾ; യുഡിഎഫ് വാഗ്ദാനങ്ങൾ നടപ്പിലാക്കുമോ?|Video

Updated on

തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചതോടെ ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ യുഡിഎഫ് നൽകിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വീണ്ടും ചർച്ചയാകുന്നു. സ്ത്രീകൾക്ക് കെഎസ്ആർടിയിൽ സൗജന്യ യാത്ര നൽകുമെന്നതാണ് യുഡിഎഫ് നൽകിയ അഞ്ചിന വാഗ്ദാനങ്ങളിൽ ശ്രദ്ധേയമായത്. യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ നിരവധി സ്ത്രീകളാണ് കെഎസ്ആർടി‍സിയിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്.

കുറച്ചു കാലം മുൻപു വരെ വൻ കടബാധ്യതയിലായിരുന്ന കെഎസ്ആർടിസി കെ.ബി. ഗണേഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് പച്ച പിടിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് മുടക്കമില്ലാതെ ശമ്പളം ലഭിച്ചു തുടങ്ങിയതും ഇക്കാലത്താണ്. ലാഭമില്ലാത്ത നിരവധി സർവീസുകൾ വെട്ടിക്കുറച്ചും ആഡംബര യാത്ര ഉറപ്പാക്കുന്നതിനായി പ്രീമിയം ബസുകൾ നിരത്തിലിറക്കിയും ഉല്ലാസയാത്രകൾ നടപ്പാക്കിയുമെല്ലാമാണ് കെഎസ്ആർടിസി കടക്കെണിയിൽ നിന്ന് കുറച്ചെങ്കിലും രക്ഷപെട്ടത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം യുഡിഎഫ് എങ്ങനെയാണ് നടപ്പിലാക്കുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വാഗ്ദാനം നടപ്പിലാക്കിയാൽ കെഎസ്ആർടിസി വീണ്ടും നഷ്ടത്തിലാകുമെന്നും നടപ്പിലാക്കിയില്ലെങ്കിൽ പ്രതിച്ഛായ ഇടിയുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ വിലയിരുത്തുന്നത്.

ക്ഷേമ പെൻഷൻ തുക 3000 ആയി ഉയർത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. ഇപ്പോൾ മാസം രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അവരുടെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടുന്ന പ്രധാന വിഷയമാണ് പെൻഷൻ വിതരണം. യുഡിഎഫ് ഭരണകാലത്ത് മുടങ്ങിക്കിടന്നിരുന്ന പെൻഷൻ തുക ആദ്യ പിണറായി സർക്കാരാണ് മുടക്കമില്ലാതെ നൽകിത്തുടങ്ങിയത്.

2021ലെ തെരഞ്ഞെടുപ്പു കാലത്ത് പെൻഷൻ വിതരണം തുറുപ്പു ചീട്ടായി ഉപയോഗിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലേറിയത്. പിന്നീട് പല തവണ രണ്ടും മൂന്നും മാസത്തേക്ക് പെൻഷൻ വിതരണം മുടങ്ങിയിരുന്നെങ്കിലും മുടക്കുകൾ തീർത്തതിനൊപ്പം പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചു കൊണ്ടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇത്തവണ ഈ നീക്കം ഫലം കണ്ടില്ല. 3000 രൂപ പെൻഷൻ നൽകുമെന്ന യുഡിഎഫിന്‍റെ വാഗ്ദാനം തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കില്ല എന്നായിരുന്നു പല സർവേകളും പറഞ്ഞിരുന്നത്. എന്തു തന്നെയായാലും അധികാരത്തിലേറുമ്പോൾ ഈ വാഗ്ദാനം നടപ്പിലാക്കേണ്ട ബാധ്യതയും യുഡിഎഫിനുണ്ട്.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ.

logo
Metro Vaartha
www.metrovaartha.com