

തിരുവനന്തപുരം: ജനവാസ മേഖലകളിൽ കൃഷിക്കും മനുഷ്യജീവനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കിയിട്ടുള്ള ഷൂട്ടർമാരുടെ പ്രവർത്തന പരിധി സംസ്ഥാനത്ത് ഉടനീളമാക്കി വിപുലീകരിച്ച് സർക്കാർ ഉത്തരവിറക്കി.
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ സ്ഥാപന അതിർത്തികളോ ജില്ലാ വ്യത്യാസമോ ഇല്ലാതെ ഇവരുടെ സേവനം കാര്യക്ഷമമായി വിനിയോഗിക്കാൻ ഇതോടെ സാധിക്കും. മുമ്പ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അംഗീകരിക്കുന്ന ഷൂട്ടർമാർക്ക് അതത് തദ്ദേശ ഭരണ പരിധിക്കുള്ളിൽ മാത്രമായിരുന്നു സേവനം അനുഷ്ഠിക്കാൻ അനുമതിയുണ്ടായിരുന്നത്.
എന്നാൽ അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുമതി ലഭിച്ച ഷൂട്ടർമാരുടെ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഈ അതിർത്തി നിർണയം തടസമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ശുപാർശ മുൻനിർത്തി വനം- വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഉത്തരവ് അനുസരിച്ച് 2027 മേയ് 27 വരെ ഹോണററി വൈൽഡ് ലൈഫ് വാർഡന്മാർ എന്ന നിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് കാട്ടുപന്നികളെ വെടിവയ്ക്കാൻ നിർദേശം നൽകാനുള്ള അധികാരമുണ്ട്. പുതിയ തീരുമാനത്തോടെ, അടിയന്തര ഘട്ടങ്ങളിൽ അതത് പ്രദേശത്തെ തദ്ദേശസ്ഥാപന പരിധിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംസ്ഥാനത്തെമ്പാടുമുള്ള അംഗീകൃത ഷൂട്ടർമാരുടെ സേവനം വേഗത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.