അബിൻ വർക്കി
യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതൃപദവികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഗ്രൂപ്പ് തർക്കം മുറുകുന്നു. ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി അതൃപ്തി പരസ്യമായി പ്രകടമാക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പക്ഷേ സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെടുമെന്നുമാണ് അബിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഒ.ജെ. ജനീഷിനെയാണ് അധ്യക്ഷനായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഗ്രൂപ്പ് പോര് പുറത്തു വന്നിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതു കൊണ്ടു തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കുമെന്നായിരുന്നു അബിന്‍റെ പ്രതീക്ഷ.
കോൺഗ്രസ് ഐ ഗ്രൂപ്പും അബിനു വേണ്ടി ശക്തമായി നില കൊണ്ടു. എന്നാൽ പ്രസിഡന്‍റ് പദവിയിൽ എ ഗ്രൂപ്പിന് പിന്തുടർച്ച വേണമെന്ന് അവകാശപ്പെട്ട് കെ.എം. അഭിജിത്തിനെ എം.കെ. രാഘവൻ ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നു. ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിന് കെ.സി. വേണുഗോപാലും നേതൃത്വം നൽകി.
ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമ്മർദത്തിലായി. സമവായ നീക്കമെന്ന നിലയിലാണ് ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ ജോസഫിനെയും അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡന്‍റായും നിയമിച്ചായിരുന്നു സമവായം. ഷാഫി പറമ്പിൻ എംഎൽഎയാണ് ഒ.ജെ.ജനീഷിന്‍റെ പേര് മുന്നോട്ടു വച്ചതെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചകളായി തുടർന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തത്.