ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു.
Possibility of a cyclone in the Bay of Bengal; yellow alert in three districts on Sunday

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

Updated on: 

ന്യൂഡൽഹി: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'ന്‍റെ ശേഷിപ്പുകൾ തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നുണ്ട്. മാത്രമല്ല തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു.

തെക്കൻ കേരള-കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്.

അതു കൊണ്ടു തന്നെ നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നവംബർ 1 മുതൽ 4 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.