

സി.എസ്. മോഹനൻ, പി.ഡി. പൊന്നമ്മ
കോതമംഗലം: സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2026-ലെ സേവാകിരണ്‍ സേവാകീര്‍ത്തി പുരസ്കാരത്തിന് കോന്നി സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി.എസ്. മോഹനനെയും സാമൂഹിക പ്രവര്‍ത്തക പി.ഡി. പൊന്നമ്മയെയും തെരഞ്ഞെടുത്തു. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി സമൂഹത്തിലെ വിവിധ മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തുവര്ന്നവര്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് സേവാകിരണ്‍ സേവാ കീര്‍ത്തി പുരസ്കാരം.
സേവാശക്തി ഫൗണ്ടേഷനിലൂടെ കേരളത്തിലങ്ങോളമിങ്ങോളം പാലിയേറ്റീവ് സംരഭങ്ങള്‍ ഉള്‍പ്പടെ വിവിധ സേവാ സംരംഭങ്ങളുടെ പ്രേരണാ സ്രോതസായിട്ടുള്ള വ്യക്തിയാണ് സി.എസ്. മോഹനന്. ദേശീയ സേവാഭാരതിക്കും മറ്റ് വിവിധ സന്നദ്ധ സംഘടനകള്‍ക്കുമായി ഏകദേശം 130-ളം ആംബുലന്‍സുകള്‍ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹം, കാരുണ്യസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സേവന സംരംഭങ്ങള്‍ക്ക് പ്രചോദനമേകുന്നു.
1986-ല്‍ രാഷ്ട്ര സേവികാ സമിതിയിലൂടെ സേവനരംഗത്തേക്ക് കടന്നുവന്ന പി.ഡി. പൊന്നമ്മ 1991-ല്‍ മുഴുവന്‍ സമയ സേവാവ്രതിയായി വയനാട് മുട്ടില്‍ മേഖലയിലെ ട്രൈബല്‍ കോളനികളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സഞ്ജീവനി ബാലികാസദനം, അടിമാലി, കോവിലൂര്‍, മറയൂര്‍ തുടങ്ങിയ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. 2003 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന അവര്‍ സാമൂഹിക സേവനത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ്. തുറവൂര്‍ ബാലികാസേവനത്തില് പ്രവര്‍ത്തിച്ചുവരുന്ന അവര്‍ സാമൂഹിക സേവനത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ്.
സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രത്യേക പുരസ്കാര സമിതിയാണ് ഇരുവരെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നവംബര്‍ 8ന് നടക്കുന്ന ദീപാവലി കുടുംബസംഗമത്തില്‍ വച്ച് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. ചലച്ചിത്രതാരം അഞ്ജലി നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.