

"ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും"; എൽഡിഎഫ് തോറ്റപ്പോൾ തലമൊട്ടയടിച്ച് 8 വയസുകാരൻ, നേരിട്ട് വിളിച്ച് എം.വി. ഗോവിന്ദൻ
മലപ്പുറം: സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ് മലപ്പുറം തിരൂർ സ്വദേശിയായ എട്ട് വയസുകാരൻ ഷഹാന്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചാണ് ഷഹാൻ സോഷ്യൽ മീഡിയയിൽ താരമായത്.
തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്‍റെ വിജയിക്കുമെന്ന് പറഞ്ഞാണ് കുഞ്ഞു ഷഹാൻ അച്ഛനോട് പന്തയം വച്ചത്. ഫലം വന്നപ്പോൾ അബ്ദു റഹ്മാൻ തോറ്റു. ഇതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി.
പിന്നാലെ ഷഹാൻ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. അച്ഛൻ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്. പിന്നാലെ തന്നെ വീഡിയോ വൈറലായി. "ഞാൻ സഖാവാണ്. പറഞ്ഞ വാക്ക് പാലിക്കും. തോറ്റാലും പാർട്ടി മാറില്ല" എന്ന് കുട്ടി പറയുന്നത് വീഡിയോയിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഷഹാന്‍റെ നേതൃത്വത്തിൽ തിരൂരിലെ കുട്ടി സഖാക്കൾ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിച്ച് പ്രചാരണത്തിലും ഇവർ സജീവമായിരുന്നു.
ഷഹാന്‍റെ വീഡിയോ സിപിഎം നേതാക്കൾ വരെ ഏറ്റെടുത്തിരിക്കുകയാണ്. എംഎൽഎ വിജിനടക്കമുള്ളവർ വീഡിയോ പങ്കുവെക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വീഡിയോ കോൾ വിളിക്കുകയും ചെയ്തു. ബാലസംഘം ഭാരവാഹികളും സിപിഎം ഏരിയാ കമ്മിറ്റി അംഗം സഖാവ് യു. സൈനുദ്ദീനും നേരിട്ടെത്തി ഈ കൊച്ചു സഖാവിനെ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.