

ഫുട്ബോൾ മത്സരം വീക്ഷിക്കുന്ന അബ്ദുൾ അസീസ്
കോതമംഗലം: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ലോകം മുഴുവൻ അരങ്ങു തകർക്കുമ്പോൾ അധികമാരും അറിയപ്പെടാത്ത അടിവാടിന്‍റെ ഫുട്ബോൾ ആസ്വാദകരിൽ ഒരാളാണ് അബ്ദുൽ അസീസ്. രാത്രിയുടെ യാമങ്ങളിൽ എല്ലാ ദിവസവും ഹീറോ യംഗ്സ് ക്ലബ്ബിൽ കൃത്യ സമയത്തെത്തി മത്സരം വീക്ഷിക്കുന്നവരിൽ പ്രധാനിയാണ് അബ്ദുൾ അസീസ്. പ്രായം തളർത്താത്ത പോരാട്ട വീര്യവും മനസ്സിൽ പേറി ഒരു മത്സരം പോലും അദ്ദേഹം പാഴാക്കാറില്ല. അടിവാട് തണൽ പെയിൻ & പാലിയേറ്റീവിന് സമീപത്തെ വ്യാപാരിയാണ് അദ്ദേഹം.
ഫുട്ബോൾ മത്സരങ്ങൾ കാണാൻ അവസരം ലഭിക്കുന്നിടത്ത് എല്ലാം എത്തിച്ചേരും. 1986-ൽ മറഡോണയുടെ അദൃശ്യ കരങ്ങളിലൂടെ ഗോൾ നേടി അർജന്‍റീന കിരീടത്തിൽ മുത്തമിട്ട മത്സരം മുതൽ നാളിതുവരെ നടന്ന മുഴുവൻ ലോകകപ്പ് മത്സരങ്ങളും വീക്ഷിച്ച അപൂർവ്വം ചിലരിൽ ഒരാളാണ്. അന്ന് കോതമംഗലം പട്ടണത്തിലെ ഹൈറേഞ്ച് ജംഗ്ഷനിലുള്ള ഉണ്ണൂപ്പാടന്‍റെ ടിവി സെന്‍റർ എന്ന സ്ഥാപനത്തിലും കോതമംഗലം പട്ടണത്തിലെ സ്വരാജ് സ്റ്റേഷനറി എന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ ഇളമ്പ്രയിലുള്ള വസതിയിലും എത്തിയാണ് മത്സരങ്ങൾ വീക്ഷിച്ചിരുന്നത് എന്ന് അബ്‌ദുൽ അസീസ് ഓർത്തെടുക്കുന്നു.
ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന ടീമുകളെക്കുറിച്ചും മത്സരാർത്ഥികളെ സംബന്ധിച്ചും നല്ല അറിവും ബോധ്യവുമുള്ള അദ്ദേഹം, മത്സരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറെ വാചാലനാവുകയാണ് പ്രായവും ആരോഗ്യവും തളർത്താത്ത ഈ ഫുട്ബോൾ ആസ്വാദകൻ.
ഫുട്ബോൾ മത്സരങ്ങൾ മാത്രമല്ല ഒളിമ്പിക്സ് മത്സരങ്ങൾ എല്ലാം തന്നെ വീക്ഷിക്കുകയും ഓരോ പ്രതിഭകളേയും കായിക താരങ്ങളെക്കുറിച്ചും ഏറെ സുപരിചിതമാണ് അബ്‌ദുൽ അസീസിന്.