

അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ മാർത്താണ്ഡ വർമ പാലത്തിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചപ്പോൾ.
Metro Vaartha
സ്വന്തം ലേഖകൻ
ആലുവ: അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡവർമ്മ പഴയപാലം എട്ട് ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച പുലർച്ചെ മുതൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. വാഹന യാത്രക്കാർ നേരിട്ടിരുന്ന കടുത്ത ദുരിതത്തിനാണ് ഇതോടെ അയവ് വന്നത്.
10 ദിവസത്തെ അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് പാലം അടച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും രണ്ടു ദിവസം നേരത്തെ പൂർത്തിയാക്കാൻ സാധിച്ചു. ദേശം പാലത്തിലും അറ്റകുറ്റപ്പണികൾ നടത്താനുണ്ട്.
മാർത്താണ്ഡ വർമ പാലത്തിലെ എ വൺ, പി വൺ, പി ടു, എ ടു എന്നീ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്. അതിവേഗത്തിൽ സെറ്റാവുന്ന മൈക്രോ കോൺക്രീറ്റിങ്ങാണ് ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷ് ഘടിപ്പിക്കുന്ന ജോലിയും പൂർത്തിയാക്കി. പാലത്തിന്റെ ഷോക്ക് അബ്സോർബറുകളിൽ ഗ്രീസിങ്ങും നടത്തി.
പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യ ദിവസത്തെ അനുഭവത്തോടെ തന്നെ ആലുവ നഗരം വഴിയുള്ള യാത്ര ഒഴിവാക്കാൻ കഴിയുന്നവർ ഒഴിവാക്കുകയായിരുന്നു. അതു കാരണം ആലുവ നഗര മേഖലയിൽ തിരക്ക് കുറഞ്ഞെങ്കിലും, ദേശീയപാതയ്ക്ക് സമാന്തരമായി എളുപ്പമുള്ള മറ്റു പാതകൾ ഇല്ലാത്തതിനാൽ പാലത്തിന്റെ ഭാഗത്ത് തിരക്ക് തുടരുക തന്നെ ചെയ്യുകയായിരുന്നു.
ഇതോടൊപ്പം അറ്റകുറ്റപ്പണി നടത്തുന്ന ദേശം പാലത്തിന്റെ ജോലികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും പറവൂർ കവലയിൽ നിന്ന് നിയമം ലംഘിച്ച് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നു വരുന്നത് തോട്ടക്കാട്ടുകര ജംക്ഷനിൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നാട്ടുകാർ നിരവധി പരാതികൾ പൊലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും സീകരിച്ചില്ല എന്ന് ആക്ഷേപം ഉണ്ട്.