

അരൂർ - തുറവൂർ ആകാശപാത
MV Graphics
കൊച്ചി: ദേശീയപാത 66-ൽ ഏറെ നാളായി കാത്തിരിക്കുന്ന അരൂർ-തുറവൂർ ആകാശപാത (Elevated Highway) ഓഗസ്റ്റ് മാസത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കും.
പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായതായി ദേശീയപാതാ അഥോറിറ്റി (NHAI) അറിയിച്ചു.
രാജ്യത്തെ നീളമേറിയ പാത: 12.75 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആകാശപാത പൂർത്തിയാകുന്നതോടെ, ഒറ്റത്തൂണിൽ നിർമിച്ച രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായി ഇത് മാറും.
നിർമാണച്ചെലവ്: ഏകദേശം 2,200 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
നിർമാണ പുരോഗതി: ഗർഡറുകൾ സ്ഥാപിക്കുന്നതും ഡെക്ക് സ്ലാബുകളുടെ നിർമാണവും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. അരൂർ ഭാഗത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുന്ന ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. നിലവിൽ തൂണുകൾ പെയിന്‍റ് ചെയ്യുന്ന ജോലികളും വശങ്ങളിലെ ഡ്രെയിനേജ് (ഓട) നിർമാണവുമാണ് നടക്കുന്നത്.
ദൈർഘ്യം വർധിപ്പിച്ചു: തുറവൂർ ഭാഗത്ത് തെക്കോട്ട് 210 മീറ്റർ കൂടി ആകാശപാതയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 12 തൂണുകൾ കൂടി അധികമായി നിർമിച്ചു വരികയാണ്.
ഓടകളുടെ നിർമാണം: ദേശീയപാതയിലെ ഓടകളിൽ നിന്നുള്ള വെള്ളം സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനായി പുറം ഓടകൾ നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക നൽകാൻ തയാറാണെന്ന് എൻഎച്ച്എഐ ആലപ്പുഴ ജില്ലാ കലക്റ്ററെ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംയുക്ത പരിശോധന പൂർത്തിയായി.
കുരുക്ക് ഒഴിവാക്കാൻ ഫണ്ട്: നിർമാണ കാലയളവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകൾ നവീകരിക്കാനും ജല അതോറിറ്റിയുടെ പൈപ്പുകളും കെഎസ്ഇബി ലൈനുകളും മാറ്റി സ്ഥാപിക്കാനും എൻഎച്ച്എഐ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു.