ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിച്ചുവെന്ന് ആരോപണം; ആത്മഹത്യാ ഭീഷണിയുമായി ചേലാട് സ്വദേശി

കേസ് തീർക്കുന്നതിനായി സനൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ബിജെപി നേതാക്കൾക്ക് പണം കൈമാറിയതെന്ന് ജോർജ് പറഞ്ഞു.
BJP leaders money fraud allegation for solving online business case, suicide threat

ആത്മഹത്യാ ഭീഷണിയുമായി ചേലാട് സ്വദേശിയും കുടുംബവും ബിജെപി ഓഫിസിനു മുന്നിൽ

Updated on

കോതമംഗലം:‌ ഓൺലൈൻ വ്യാപാരക്കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിച്ചുവെന്ന് ആരോപിച്ച് ചേലാട് സ്വദേശി. ബിജെപി കോതമംഗലം ഓഫീസിനു മുന്നിലെത്തിയ പരാതിക്കാരനും കുടുംബവും പണം തിരികെ നൽകാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.ചേലാട് ആറ്റ്പുറത്ത് എ.എം. ജോർജും കുടുബവുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് ജോർജിന്‍റെ മകൻ ഉൾപ്പെട്ട പരാതി പരിഹരിക്കുന്നതിന് ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവർ പലപ്പോഴായി 10,58,000 രൂപ വാങ്ങിയെന്നാണ് ആരോപണം. കേസ് തീർക്കുന്നതിനായി സനൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ബിജെപി നേതാക്കൾക്ക് പണം കൈമാറിയതെന്ന് ജോർജ് പറഞ്ഞു. എന്നാൽ കേസ് തീർപ്പായില്ല. മാത്രമല്ല വീണ്ടും മറ്റൊരു കേസ് വരികയും ചെയ്തതോടെ ജോർജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കി. തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ജോർജ് ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ ബിജെപി സംസ്ഥാന,ജില്ല നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.സമ്പത്ത് പണയപ്പെടുത്തിയും അയൽക്കാരിൽ നിന്ന് സ്വർണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസം തോറുംഅര ലക്ഷത്തിലേറെ രൂപ പലിശ നൽകാൻ മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിർവ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോർജ് പറഞ്ഞു. ജനുവരി 16ന് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ജോർജ് പറയുന്നു.

ഈ സാഹചര്യത്തിലാണ് കൈയിൽ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ കോതമംഗലത്തെ ബിജെപി ഓഫീസിന് മുന്നിൽ ജോർജും ഭാര്യ ജിൻസും ബന്ധുവും ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റുമായ എൽദോസും എത്തിയത്. എൽദോസാണ് പ്രശ്ന പരിഹാരത്തിന് ബിജെപി നേതൃത്വവുമായി ജോർജിനെ ബന്ധപ്പെടുത്തിയത്. ഇവർ എത്തുമ്പോൾ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബിജെപി നേതാക്കൾ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരം ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോർജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com