

കൊച്ചി: കാര്‍ ബൂട്ട് വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത് ജിസിഡിഎയ്ക്കുള്ള അധിക വരുമാനവും സര്‍ക്കാരിനുള്ള നികുതി വരുമാന വര്‍ധനവുമെന്ന വിശദീകരണവുമായി സംഘാടക സ്ഥാപനം. എറണാകുളം സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസം കാര്‍ ബൂട്ട് വില്‍പ്പന നടത്തുന്നതു ലക്ഷ്യമിട്ടു പരീക്ഷണം നടന്നതിനു പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ഡയഗണ്‍ വെഞ്ചേഴ്സ് വിശദീകരണവുമായി രംഗത്തിയത്.
രാജ്യാന്തര തലത്തില്‍ തന്നെ ഏറെ പ്രചാരമുള്ള കാര്‍ ബൂട്ട് വില്‍പ്പന പുതിയൊരു വിപണന സംസ്കാരമാണ് മുന്നോട്ടുവയ്ക്കുന്നത്. സ്റ്റേഡിയത്തില്‍ മറ്റു പരിപാടികള്‍ ഇല്ലാത്ത ഒഴിവു ദിവസങ്ങളിലാണ് കാര്‍ ബൂട്ട് വില്‍പ്പന എന്നതിനാല്‍ ഇത് ജിസിഡിഎയ്ക്ക് അധിക വരുമാനത്തിന് അവസരമൊരുക്കും. ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ബിൽ ചെയ്തു വില്‍ക്കണം എന്നു നിഷ്കര്‍ഷിക്കുന്നതിനാല്‍ വില്‍പ്പന നികുതിയിലും വര്‍ധനവുണ്ടാകും.
ചെറുകിട ഉത്പാദകരും വില്‍പ്പനയ്ക്കു ലൈസന്‍സുള്ളവരും തന്നെയാകും കാര്‍ ബൂട്ട് വില്‍പ്പന നടത്തുന്നത് എന്നതിനാല്‍ ഇത് കച്ചവടക്കാരെ ബാധിക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കാര്‍ ബൂട്ട് വില്‍പ്പന കോ-ഓർഡിനേറ്റര്‍ ജിജി പുളിക്കാവില്‍ പറഞ്ഞു.
ഉത്പാദനം ആരംഭിച്ചിട്ടും വേണ്ടത്ര ഉപയോക്താക്കളെ കണ്ടെത്താന്‍ സാധിക്കാത്ത ചെറുകിട വ്യവസായങ്ങള്‍ക്കും കുടുംബശ്രീക്കും കാര്‍ ബൂട്ട് വില്‍പ്പന പുതിയ അവസരങ്ങളായിരിക്കും തുറന്നു നല്‍കുക. ഇടനിലക്കാരുടെ എണ്ണം കുറയുന്നതിലൂടെ അനാവശ്യ കമ്മിഷന്‍ തുക ഒഴിവാകുന്നത് ഉപയോക്താക്കള്‍ക്കു നേട്ടമാകും. ഓണ്‍ലൈനിലൂടെയും മറ്റും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആളുകള്‍ക്കു ചെലവഴിക്കേണ്ടി വരുന്ന ഗതാഗത ചെലവ് ഉള്‍പ്പടെ കുറയുമെന്നതും വിലയില്‍ പ്രതിഫലിക്കും. ആയിരക്കണക്കിന് തൊഴില്‍രഹിതര്‍ക്കു പുതിയൊരു തൊഴില്‍ മേഖല കൂടിയാണ് ഇതുവഴി തുറന്നുകിട്ടുന്നത്.
സാധനങ്ങളുടെ വില്‍പ്പന എന്നതിലുപരി ഒരു കാര്‍ണിവല്‍ അന്തരീക്ഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നു എന്നതും കാര്‍ ബൂട്ട് വില്‍പ്പനയുടെ ആകര്‍ഷണമാണ്. പ്രാദേശിക ടൂറിസത്തിന് മികച്ച വരുമാന സാധ്യതകളാണ് ഇത് തുറന്നിടുന്നത്. കാര്‍ ബൂട്ട് വില്‍പ്പന സമയത്ത് ഭക്ഷണ, പാനീയ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും ബിസിനസ് വര്‍ധിക്കും.
സർക്കാരിന്‍റെ വിൽപ്പന നിയമങ്ങള്‍ പാലിച്ചു മാത്രം സംഘടിപ്പിക്കുന്ന കാര്‍ ബൂട്ട് വില്‍പ്പനയില്‍ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക. ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ നിലവിലുള്ള എല്ലാ ഭക്ഷ്യ വിൽപ്പന അംഗീകാരങ്ങൾ ഉള്ളവരായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ജിസിഡിഎ സംഘടിപ്പിച്ച പരിപാടി ആദ്യഘട്ടത്തില്‍ സൗജന്യമായിരുന്നെങ്കിലും തുടര്‍ന്നു ചെറിയ തുക ഈടാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. ലക്ഷങ്ങള്‍ വാടക നല്‍കി എക്സിബിഷനുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇതൊരു നല്ല അവസരമാണ് സൃഷ്ടിക്കുന്നത്.
കാര്‍ ബൂട്ടില്‍ വിൽപ്പന നടത്തുന്നതിലെ സാങ്കേതിക, പ്രായോഗിക തടസങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിച്ചു പരിഹരിക്കും. അധികൃതരുമായി ഇടപെട്ട് വ്യാപാരികളുടെയും മറ്റു വ്യവസായികളുടെയും ആശങ്കകള്‍ പരിഹരിച്ചു മാത്രമായിരിക്കും മുന്നോട്ടു പോകുക. സര്‍ക്കാരിനോ വ്യാപാരികള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാവും പദ്ധതി നടപ്പാക്കുക. അതുകൊണ്ടു തന്നെ വ്യാപാരികളും വ്യവസായികളും ചേംബര്‍ ഒഫ് കൊമേഴ്സും ഉള്‍പ്പടെയുള്ളവരുടെ പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം അഭ്യർഥിച്ചു.