

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോതമംഗലത്ത് സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര
കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് അടിവാട് ഹീറോ യംഗ്‌സ് ക്ലബ് റീഡിംഗ് റൂമിന്‍റെ ആഭിമുഖ്യത്തിൽ പ്രൈവറ്റ് ബസുകളുടെ കാരുണ്യ യാത്ര നടത്തി. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 12 -ാം വാർഡിൽ താമസിക്കുന്ന വടക്കേടത്ത് നൗഷാദിന്‍റെ ചികിത്സയ്ക്കു വേണ്ടിയാണ് ക്ലബിന്‍റെ ഉടമസ്‌ഥതയിലുള്ള പൈങ്ങോട്ടൂർ ചാത്തമറ്റം പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹീറോ യംഗ്സ് ബസും കോതമംഗലം വടാട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന പടിക്കാമറ്റം ബസുകളുമാണ് കാര്യണ്യ യാത്ര നടത്തിയത്.
ക്ലബ് ചീഫ് കോഓഡിനേറ്റർ സി.എം. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗങ്ങളിൽ കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജുവും അടിവാട് ടൗണിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്‌തുവും കാര്യണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ക്ലബ്ബ് സെക്രട്ടറി അൻസാർ എം.എസ്. സ്വാഗതവും ബസ് ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ യഹ്‌കുബ് പി.എ നന്ദിയും പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, കൗൺസിലർ അനൂപ് ജോർജ്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹസിന ഷിഹാബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എംപി, നിസമോൾ ഇസ്മ യിൽ. എൻകെ മുഹമ്മദ്, പ്രൈവറ്റ് ബസ് ഓണേസ് അസോസിയേഷൻ കോതമംഗലം യൂണീറ്റ് പ്രസിഡന്‍റ് ജോജി എടാട്ടിൽ, സെക്രട്ടറി സിബി നവാസ്, പിഎച്ച്എം ബഷീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ഷമീർ എംപി, അലി കെ.യു, ഷബീർ അലി, ഷാനവാസ്, ഷഫീഖ് സിഇ, അൽഫാസ് ജീലാനി, റിസ‌്വാൻ അയ്യൂബ്, അൽത്താഫ് കല്ലേലിൽ, ഷിനാൽ നജീബ് തുടങ്ങിയവർ ചികിത്സ സഹായം സ്വരൂപിക്കുന്നതിന് നേതൃത്വം നൽകി.