
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി
കോതമംഗലം: സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി. സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കോതമംഗലം കല ഓഡിറ്റോറിയത്തിലേക്ക് നടത്തിയ ദീപശിഖ യാത്ര സിപിഐ സംസ്ഥാന കൗൺസിലംഗം ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ് ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. തുടർന്ന് സമ്മേളന നഗരിയിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമല സദാനന്ദൻ പതാക ഉയർത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജെ.ചിഞ്ചു റാണി,
പി.പി. സുനീർ എം പി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ പ്രസംഗിച്ചു.
ശാന്തമ്മ പയസ് രക്തസാക്ഷി പ്രമേയവും കെ.എൻ. സുഗതൻ അനുശോചന പ്രമേയവും എൻ.അരുൺ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.വെള്ളിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹനൻ, ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ശനി വൈകിട്ട് 4 ന് കോതമംഗലം മാർ ബേസിൽ സ്റ്റേഡിയത്തിൽ നിന്നും ചുമപ്പ് സേന പരേഡ്, വനിത റാലി എന്നിവർ അണിനിരക്കുന്ന പ്രകടനം ആരംഭിക്കും. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ജാഥയിൽ ഉണ്ടാകും.
നഗരം ചുറ്റി തങ്കളം ബസ് സ്റ്റാന്‍റ് മൈതാനിയിൽ ( കാനം രാജേന്ദ്രൻ നഗർ)പ്രകടനം എത്തിച്ചേരും. തുടർന്ന്
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന എക്സീക്യൂട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ.കെ. അഷറഫ്, സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ശിവൻ എന്നിവർ പ്രസംഗിക്കും.