നവകേരള സദസ്സിൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ല; വിമർശനവുമായി സിപിഎം നേതാവ് പോൾ കോക്കാട്

പരാതി നൽകിയതിനു ശേഷം പോലീസ് സ്റ്റേഷൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുന്നത് തന്നെ കൂടുതൽ വേദനിപ്പിക്കുന്നു. ഈ നടപടി ധിക്കാരപരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പോൾ കോക്കാട്
പോൾ കോക്കാട്

ഇരിങ്ങാലക്കുട: ആളൂർ പോലീസ് സ്റ്റേഷൻ നിലവിലുള്ള കെട്ടിടത്തിൽ നിന്ന് വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ നൽകിയ പരാതിക്ക് നാളിതു വരെ ഒരു മറുപടി പോലും ലഭിച്ചില്ലെന്ന വിമർശനവുമായി സി പി എമ്മിന്‍റെ മുതിർന്ന നേതാവ് പോൾ കോക്കാട്. പൊലീസ് സ്റ്റേഷനു വേണ്ടി സ്ഥലം വിലയ്ക്ക് വാങ്ങാൻ പഞ്ചായത്തിന്‍റെ ഓൺഫണ്ടിൽ തന്നെ നീക്കിയിരിപ്പുണ്ട്. അതുമല്ലെങ്കിൽ സർക്കാർ തുക ഉപയോഗിച്ചും നിർമ്മാണം പൂർത്തീകരിക്കാവുന്നതാണ്. ഇതെല്ലാം ഉൾപ്പെടുത്തി രണ്ടു മാസം മുമ്പു നടന്ന നവകേരള സദസ്സിൽ അപേക്ഷ നൽകിയെങ്കിലും നാളിതു വരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നാണ് പോൾ കോക്കാട് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അതു മാത്രമല്ല പരാതി നൽകിയതിനു ശേഷം പോലീസ് സ്റ്റേഷൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുന്നത് തന്നെ കൂടുതൽ വേദനിപ്പിക്കുന്നു. ഈ നടപടി ധിക്കാരപരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇത്തരമൊരു മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള പഞ്ചായത്ത് അധികൃതർ വിവരം അറിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പോലീസ് സ്റ്റേഷൻ മാറ്റം നടക്കുന്നുണ്ട് എന്ന് ജനങ്ങളെ അറിയിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു വാർത്താസമ്മേളനം വിളിച്ചതെന്നും പോൾ കോക്കാട്ട് വിശദമാക്കി.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ അവസാന ഘട്ടത്തിലാണ് ആളൂർ പോലീസ് സ്റ്റേഷൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങിയതും ചെറിയ തോതിൽ അതിന്‍റെ പ്രവർത്തനം ആരംഭിച്ചതും. എട്ടു കൊല്ലത്തോളം കഴിഞ്ഞിട്ടും പോലീസ് സ്റ്റേഷന് വേണ്ടി 30 സെന്‍റ് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കാൻ ആളൂർ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്.

കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് ബാങ്ക് വാടകയ്ക്ക് നൽകിയ ചെറിയ സ്ഥലത്താണ് കഴിഞ്ഞ എട്ടു കൊല്ലമായി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. നാൽപതോളം സ്റ്റാഫുകൾ ഉള്ള പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.

കല്ലേറ്റുംകരയുടെ ഹൃദയഭാഗത്ത് തന്നെ പോലീസ് സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ഉണ്ടായിട്ടും അധികൃതർ അതിനു നേരെ കണ്ണടയ്ക്കുകയാണെന്ന് പോൾ കോക്കാട്ട് കുറ്റപ്പെടുത്തി.

പഞ്ചായത്തിലുള്ള പ്രധാന സ്ഥാപനങ്ങൾ പരിശോധിച്ചാലും ആളൂർ പഞ്ചായത്ത് ഒരു മുനിസിപ്പാലിറ്റി അല്ലെങ്കിലും ഒരു മുനിസിപ്പാലിറ്റിയുടെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതായി കാണാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനാൽ തന്നെ ആളൂർ പഞ്ചായത്തിൽ നിന്നും പോലീസ് സ്റ്റേഷൻ മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റുന്നത് ഉചിതമല്ല. വിവരങ്ങളെല്ലാം വിശദമാക്കി പരാതി നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടാവില്ലെന്ന് കണ്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് പോൾ കോക്കാട്ട് കൂട്ടിച്ചേർത്തു.

സി പി എമ്മിന്‍റെ മുതിർന്ന നേതാവായ പോൾ കോക്കാട്ട് 1987ലും 1990ലും മാളയിൽ കരുണാകരനെതിരെ മത്സരിച്ചിട്ടുണ്ട്. ഇ എം എസ്സിനൊപ്പം പ്രവർത്തിച്ച, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ട, പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് നവകേരള സദസ്സിൽ നൽകിയ പരാതിയിൽ ഇതുവരെയും നടപടിയുണ്ടായില്ലയെന്നത് ശ്രദ്ധേയമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com