മാർ ബസേലിയോസ് ഡെന്‍റൽ കോളെജിന്‍റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് കാതോലിക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു
Mor Ignatius Aphrem II, Patriarch and Supreme Head of the Syriac Orthodox Church, inaugurates the Silver Jubilee celebrations of Mar Baselios Dental College, Thankalam.

തങ്കളം മാർ ബസേലിയോസ് ഡെന്‍റൽ കോളെജിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പാത്രിയർക്കീസുമായ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ നിർവഹിക്കുന്നു

Updated on: 

കോതമംഗലം: കേരളത്തിലെ ആദ്യത്തെ സ്വാശ്രയ ദന്തൽ കോളെജായ കോതമംഗലം തങ്കളം മാർ ബസേലിയോസ് ഡെന്‍റൽ കോളെജിന്‍റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കമായി. കോളെജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പാത്രിയർക്കീസുമായ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ഉദ്ഘാടനം ചെയ്തു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് കാതോലിക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംബിഎംഎം അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ സ്വാഗതം പറഞ്ഞു. കോളെജിന്‍റെ 25 വർഷത്തെ വളർച്ചയും നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബൈജു പോൾ കുര്യൻ അവതരിപ്പിച്ചു.

കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. രജതജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച വിവിധ സാമൂഹിക സേവന-വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കോളെജിന്‍റെ രജതജൂബിലി ഹോസ്റ്റൽ ബ്ലോക്കിന്‍റെ അനാച്ഛാദനവും പുതിയ ചാപ്പലിന്‍റെ ശിലാസ്ഥാപനത്തിന്‍റെ ആശീർവാദവും ചടങ്ങിന്‍റെ പ്രധാന ആകർഷണങ്ങളായി.

കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് നന്ദി പറഞ്ഞു. സഭാ മേലധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, സഭാ ഭാരവാഹികൾ, കോളെജ് മാനേജ്മെന്‍റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.