

കുട്ടമ്പുഴയിൽ നീരാടി കാട്ടാനക്കൂട്ടം; കണ്ട് രസിച്ച് നാട്ടുകാർ
കോതമംഗലം: കോതമംഗലം കുട്ടമ്പുഴയിൽ ആസ്വദിച്ച് നീരാടി കാട്ടാനക്കൂട്ടം. ഇരുപതിലേറെ കാട്ടാനകളടങ്ങുന്ന വലിയ കൂട്ടമാണ് സത്രപ്പടിഭാഗത്തെ പുഴയിലിറങ്ങിയത്. തുണ്ടം വനത്തിൽ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. വെയിൽ കനക്കുമ്പോൾ ഇവിടെ ആനക്കൂട്ടം നീരാട്ടിനെത്താറുണ്ട്. ആനക്കൂട്ടം പുഴയിലിറങ്ങിയത് അറിഞ്ഞ് കുട്ടമ്പുഴ ടൗണിൽ നിന്നടക്കം നിരവധി ആളുകൾ കാഴ്ചക്കാരായെത്തി.
അതുവഴി കടന്ന് പോയ വാഹന യാത്രക്കാരും വഴിയരികിൽ ഏറെനേരം വിസ്‌മയ കാഴ്‌ച ആസ്വദിച്ചു. കുട്ടിയാനകൾ മുതൽ വലിയ കൊമ്പൻമാർവരെ ഉൾപ്പെട്ട ആനക്കൂട്ടം പുഴയിൽ കുളിക്കുകയും വെള്ളത്തിൽ കളിക്കുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയായിരുന്നു. ആനകൾ സന്ധ്യ മയങ്ങിയ ശേഷമാണ് മടങ്ങിയത്.
ആനകൾ ഇവിടെ എത്താറുണ്ടെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം ഒരുമിച്ച് പുഴയിൽ നീരാട്ടിന് ഇറങ്ങുന്ന കാഴ്‌ച അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.