പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

25000 രൂപയും ഫലകവും പുരസ്കാര ജേതാവിന് കൈമാറും
ജോയ്‌സി
ജോയ്‌സി
Updated on

കോട്ടയം:പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി ജനപ്രിയ സാഹിത്യകാരൻ ജോയ്‌സി. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കാനം ഇ.ജെയ്ക്കു ശേഷം വായനയെ ജനകീയമാക്കിയ സാഹിത്യകാരനാണ് ജോയ്‌സി. അദ്ദേഹം ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഒന്നിലധികം തൂലികാനാമത്തിലും എഴുതുന്നുണ്ട്. കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്നാണ് രണ്ടു വർഷത്തിലൊരിക്കൽ പുരസ്കാരം സംഘടിപ്പിക്കുന്നത്. 25000 രൂപയും ഫലകവും പുരസ്കാര ജേതാവിന് കൈമാറും. ജൂൺ 13ന് കാനം ഇ.ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് 37 വർഷമാകും.

വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ.ജെയാണ്. നൂറിലധികം നോവലുകൾ, തിരക്കഥകൾ, നാടകങ്ങൾ അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്‍റെ 21 നോവലുകൾ സിനിമയായി. മനോരാജ്യം വാരികയുടെ സ്ഥാപകനായ അദ്ദേഹത്തിന്‍റെ ജന്മനാടിന് സമീപമുള്ള നോവൽറ്റി ലൈബ്രറിയിൽ കാനത്തിന്‍റെ പുസ്‌തകങ്ങൾ എല്ലാം സമാഹരിച്ച് സൂക്ഷിക്കുകയും അദ്ദേഹത്തിന്‍റെ ലഘുജീവചരിത്രം ആലേഖനം ചെയ്ത പ്രദർശിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പുറപ്പാട് വിദ്യാഭ്യാസ പദ്ധതി ചെയർമാനും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് എം.എൽ.എ, കാനം ഇ.ജെയുടെ മകളും കവയിത്രിയുമായ സേബ ജോയ് കാനം, ഭർത്താവ് റ്റി.എം ജോയി തൂമ്പുങ്കൽ, വാഴൂർ നോവൽറ്റി പ്രസിഡന്‍റ് അഡ്വ. ബിജു കെ ചെറിയാൻ, വൈസ് പ്രസിഡന്‍റ് ബേസിൽ വർഗീസ് എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com