പത്തനാപുരത്തിന്‍റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്ന് കിഫ്ബി | Video

സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് പത്തനാപുരത്ത് പുരോഗമിക്കുന്നത്

സംസ്ഥാനത്തിന്‍റെ സുഗന്ധ വ്യഞ്ജന മേഖലകളിൽ പ്രധാനിയായ പത്തനാപുരം. നെല്ല്, ഇഞ്ചി, കുരുമുളക്, കശുവണ്ടി എന്നിവയെല്ലാം പത്തനാപുരത്തിന്‍റെ കൃഷിഭൂമിയിൽ ഇടം പിടിക്കുന്നുണ്ട്. 2001 മുതൽ കെ.ബി. ഗണേഷ് കുമാറാണ് പത്തനാപുരം എംഎൽഎ. നിലവിൽ ഗതാഗത വകുപ്പ് മന്ത്രി കൂടിയായ ഗണേഷ് കുമാറിന്‍റെ നേതൃത്വത്തിൽ വലിയ വികസനക്കുതിപ്പ് തന്നെയാണ് പത്തനാപുരം സ്വന്തമാക്കിയിരിക്കുന്നത്.

വെട്ടിക്കവല ഗവൺമെന്‍റ് ഐടിഐ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്തനാപുരത്തിന്‍റെ വളർച്ചയ്ക്ക് ഗണ്യമായി സഹായിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് കിഫ്ബിയുടെ ധനസഹായത്തോടെയാണ് വെട്ടിക്കവലയിൽ സർക്കാർ ഐടിഐ സ്ഥാപിച്ചത്. 2020ൽ അന്നത്തെ ധനകാര്യ -കയർ വകുപ്പ് മന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് ഐടിഐയുടെ ഉദ്ഘാടനം നിർവഹിച്ചു. 4900 സ്ക്വയർ മീറ്ററിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കായി ഡ്രോയിങ് ഹാൾ, കമ്പ്യൂട്ടർ ലാബ്, ഓഡിയോ വിഷ്വൽ ഹാൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെട്ടിക്കവല ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്‍റ് എൽ പി സ്കൂൾ, മുഹമ്മദൻ ഗവ. എച്ച്എസ്എസ് എടത്തറ എന്നിവയും വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുന്നു. മികച്ച വിഭ്യാഭ്യാസവും സ്മാർട് ക്ലാസ് റൂമുകളും ഉറപ്പു വരുത്തുന്നതിനായി കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നു.1934 ൽ സ്ഥാപിതമായ മുഹമ്മദൻ ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ ബ്ലോക്കിലാണ് നിർമിച്ചിരിക്കുന്നത്. 1 മുതൽ 12 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിന്‍റെ കീഴിൽ പത്തനാപുരം താലൂക്ക് ആശുപത്രി നിർമിക്കാനും കിഫ്ബി ഫണ്ട് അനുവദിച്ചു. പത്തനാപുരത്തിന്‍റെ സ്വപ്നപദ്ധതിയാണിത്. 2025 ഓഗസ്റ്റിൽ ആശുപത്രി നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 74 കോടി രൂപയാണ് ബ്ലോക്ക് നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്.1.68 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ആറു നിലകളിലായാണ് ആശുപത്രി നിർമിക്കുന്നത്. കല്ലടയാറിന്‍റെ തീരത്ത് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും താലൂക്കിലെ ആറ് പഞ്ചായത്തുകളും ചേർന്ന് വാങ്ങിയ രണ്ടേക്കർ സ്ഥലത്താണ് നിർമാണം പുരോഗമിക്കുന്നത്. പത്തനാപുരം മണ്ഡലത്തിലെ റോഡുകളുടെ അറകുറ്റപ്പണക്കായി കിഫ്ബി ഫണ്ടിൽ നിന്ന് 66 കോടി രൂപയാണ് അനുവദിച്ചത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com