

ഓണനിറവിൽ കോതമംഗലം; ‘പൊളി ഓണം 2026’ന് പ്രൗഢോജ്വല തുടക്കം
കോതമംഗലം:പൂക്കളമൊരുക്കിയും വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടത്തിയുമെത്തിയ ‘പൊളി ഓണം 2026’ന് കോതമംഗലത്ത് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ മെഗാ പൂക്കളം ഓണാഘോഷത്തിന് നിറപ്പകിട്ടേകി. കെഎസ്ആർടിസി ജീവനക്കാർ, ശോഭന ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ, അങ്കണവാടി അധ്യാപകർ, ദയ ബഡ്സ് സ്കൂൾ, നെല്ലിക്കുഴി, ധർമ്മഗിരി സ്കൂൾ എന്നിവരുടെ സഹകരണത്തോടെയാണ് മെഗാ പൂക്കളം ഒരുക്കിയത്.
കോതമംഗലം നഗരസഭാ പരിസരത്തുനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക്പഞ്ചവാദ്യം, കാവടി, ശിങ്കാരിമേളം, ബാൻഡ്സെറ്റ്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങൾ മാറ്റുകൂട്ടി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, സിനിമാതാരം മിയ ജോർജ് എന്നിവർ മുഖ്യാതിഥികളായി. വിവിധ യുഡിഎഫ് നേതാക്കളായ കെ പി ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം എസ് എൽദോസ്, ഇബ്രാഹിം കവല, പി കെ മൊയ്തു, മുഹമ്മദ് ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു, കുട്ടംപുഴ പഞ്ചായത്ത് പ്രസിഡന്‍റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, പി എ എം ബഷീർ, കെ ഐ ജേക്കബ്, എൻ സി ചെറിയാൻ, ബാബു പോൾ, എൻ സി ചെറിയാൻ തുടങ്ങി നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
വൈകിട്ട് ഭൂതത്താൻകെട്ടിൽ നടന്ന ലൈറ്റിംഗ് സ്വിച്ച് ഓണും ഓണാഘോഷത്തിന്‍റെ ഭാഗമായി ശ്രദ്ധേയമായി.
‘പൊളി ഓണം 2026’ന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ 10ന് ഭൂതത്താൻകെട്ടിൽ ‘ജെൻസി റേസ്’മഡ് റേസ് നടക്കും. വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഓഫ് റോഡ് പ്രേമികൾക്കും കാണികൾക്കും ആവേശം പകരുന്ന തരത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
ഒരാഴ്ചയിലേറെ നീളുന്ന ‘പൊളി ഓണം 2026’ന്‍റെ ഭാഗമായി കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയും നടക്കും.