
പുലിഭീതി; കൊരട്ടി-ചിറങ്ങര മേഖലയിൽ ഡ്രോൺ നിരീക്ഷണം നടത്തിയേക്കും
File picture
തൃശൂർ: കൊരട്ടി- ചിറങ്ങര ദേശീയപാതയോരത്തെ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതാ നിർദേശങ്ങൾ നൽകി കൊരട്ടി പഞ്ചായത്ത് അധികൃതർ. കൊരട്ടിയിലെ ഗവൺമെന്‍റ് ഒഫ് ഇന്ത്യ പ്രസ്, വൈഗാ ത്രെഡ്സ് എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള പരിശോധനയ്ക്കായി കളക്റ്റർക്ക് കത്തു നൽകാനും തീരുമാനമായിട്ടുണ്ട്. വനം, പൊലീസ്, റവന്യു സംയുക്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.
പ്രദേശത്തെ ആരാധനാലയങ്ങളിൽ വെളുപ്പിനും രാത്രിയിലുമായി നടത്തുന്ന ആരാധന പകൽ സമയത്തേക്ക് ക്രമീകരിക്കാൻ ആവശ്യപ്പെടും. അതിരാവിലെയും രാത്രിയിലുമായുള്ള ട്യൂഷൻ സെന്‍ററുകളുടെ പ്രവർത്തനം നിർത്തി വയ്ക്കാാൻ നിർദേശം നൽകും.
കുട്ടികൾ പ്രായമായവർ എന്നിവരുടെ രാത്രിയാത്രകൾ നിർത്തണമെന്നും രാത്രിസമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകാനും തീരുമാനമായിട്ടുണ്ട്. പുലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ കേസെടുക്കുമെന്നും യോഗം വ്യക്തമാക്കി.