

തങ്കളം–കോഴിപ്പിള്ളി ബൈപ്പാസിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനമാർഗത്തിന്‍റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കുന്നു
കോതമംഗലം: തങ്കളം–കോഴിപ്പിള്ളി ബൈപ്പാസിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനമാർഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആർടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി.
ബൈപ്പാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഡിപ്പോയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കും. ഡിപ്പോയോട് ചേർന്നുകിടക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ്, ഇന്ധന പമ്പ്, അനക്സ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യതകളുണ്ട്. സ്ഥലത്തിന്‍റെ പരമാവധി പ്രയോജനം ഉറപ്പാക്കുന്ന തരത്തിലാണ് വികസനപദ്ധതി ആവിഷ്കരിക്കുന്നത്.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് മുൻപാകെ പദ്ധതി അവതരിപ്പിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ സമർപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ മൂന്ന് വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ സഹകരണത്തോടെയാണ് പ്രവേശനമാർഗം ഒരുക്കിയത്. ഡിപ്പോയുടെ വികസനത്തോടൊപ്പം സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും നടപടികളുണ്ടാകും. എംഎൽഎ ഫണ്ടിൽ നിന്ന് മൂന്ന് ബസുകളും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് രണ്ട് ബസുകളും ഉൾപ്പെടെ അഞ്ച് പുതിയ ബസുകൾ കോതമംഗലം ഡിപ്പോയ്ക്ക് ലഭ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു.
പുതിയ ബസുകൾ ലഭിക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള സർവീസുകൾ ശക്തിപ്പെടുത്താനും സാധിക്കും. അപ്രോച്ച് റോഡും നിർദിഷ്ട വികസനപദ്ധതികളും പൂർത്തിയാകുന്നതോടെ കോതമംഗലം ഡിപ്പോയുടെ പ്രവർത്തനശേഷിയും യാത്രാസൗകര്യങ്ങളും മെച്ചപ്പെടും.
വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, ബാബു ഏലിയാസ്, അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ ജെ. നിജാമുദിൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്റ്റർ എൻ.ആർ. രാജീവ്, സൂപ്രണ്ടുമാരായ സജിത്ത് ടി. കുമാർ, ബിജി ജോസ്, എ.ഡി.ഇ ജോൺസൺ ജോസഫ്, ഫ്രാൻസിറ്റി ചെറിയാൻ, വി.പി. എൽദോസ്, ജയ്സൺ ജോസഫ്, സി.ആർ. ജയൻ, കെ.പി. ബിനോജ്, ബി. രമേശ് തുടങ്ങിയവർ പങ്കെടുത്തു.